കോട്ടയം: ഒൻപത് വർഷമായി ജില്ലാ പൊലീസ് ഡോഗ് ‌സ്‌ക്വാഡിന്റെ കരുത്തുറ്റ സാന്നിദ്ധ്യമായിരുന്ന ജെർമ്മൻ ഷെപ്പേർഡ് നായ റാംബോ വിടവാങ്ങി. പ്രായത്തിന്റെ അസ്വസ്ഥതകൾ മൂലം രോഗബാധിതനായിരുന്ന റാംബോ ഇന്നലെ വൈകിട്ടോടെയാണ് ജീവൻവെടിഞ്ഞത്. 11 വയസുള്ള റാംബോ 2009 മുതൽ കോട്ടയം ജില്ലാ ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായിരുന്നു.

2009 ൽ കെന്നൽ ക്ലബ്ബാണ് റാംബോയെ സമ്മാനിച്ചത്. തൃശൂർ പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ ശേഷം ജില്ലാ പൊലീസിന്റെ ഭാഗമായി. സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തുന്നതിൽ അതിവിദഗ്ധനായ റാംബോ സ്‌നിഫർ വിഭാഗത്തിലാണ് തൃശൂർ അക്കാഡമിയിൽ നിന്ന് പരിശീലനം നേടിയത്. സംസ്ഥാന പൊലീസിലെ തന്നെ ഗാംഭീര്യമുള്ള നായ്‌ക്കളിൽ ഒന്നായിരുന്നു. ഹാൻഡ്‌ലർമാരായ റോഷനും സജീവനും ചേർന്നാണ് പരിപാലിച്ചിരുന്നത്. പിറവത്ത് റെയിൽവേ ട്രാക്കിൽ നിന്ന് ബോംബ് കണ്ടെത്തിയത് റാംബോയായിരുന്നു. പ്രായാധിക്യത്തെ തുടർന്ന് മാസങ്ങളായി വിശ്രമത്തിലായിരുന്നു.

നേരത്തെ സർവീസിൽ നിന്നും വിരമിച്ച ലാബ്രഡോർ നായ സൽമയെ പരിശീലകൻ കെ.വി പ്രേംജി തന്നെ ഏറ്റെടുത്ത് വളർത്തിയത് വാർത്തയായിരുന്നു. സൽമ 2018 ഏപ്രിൽ ഒൻപതിന് വിടവാങ്ങി. റാംബോയും പോയതോടെ പൊലീസ് ഡോഗ് സ്‌ക്വാഡിലെ സീനിയർ നിരതന്നെയാണ് ഇല്ലാതാകുന്നത്.

റാംബോയുടെ ജഡം ഇന്ന് രാവിലെ ജില്ലാ പൊലീസ് ഡോഗ് സ്‌ക്വാഡ് ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്‌ക്കും. പത്തു മണിയോടെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

ശ്വാനസേനയിൽ ആറ് പേർ

ജില്ലാ പൊലീസിന്റെ ശ്വാനസേനയിൽ നിലവിലുള്ളത് ആറ് നായ്‌ക്കളാണ്. കോട്ടയം പൊലീസ് ഹെഡ്ക്വാ‌ർട്ടേഴ്സിൽ നാല് നായ്‌ക്കളും, പാലാ സബ് ഡിവിഷനിൽ രണ്ട് നായ്‌ക്കളും. ലാബ്രഡോർ നായ്‌ക്കളായ ട്രാക്കർ ജിൽ, സ്‌നിഫർ ഇനത്തിൽപ്പെട്ട റീന, ബെയ്‌ലി, നർക്കോട്ടിക് സ്‌നിഫർ ഡോൺ എന്നിവരാണ് കോട്ടയം യൂണിറ്റിലുള്ളത്. ലാബ്രഡോർ നായ്‌ക്കളായ ട്രാക്കർ രവിയും സ്‌നിഫർ ജൂലിയുമാണ് പാലാ യൂണിറ്റിൽ ഉള്ളത്. മോഷണവും കൊലപാതകവും അടക്കമുള്ള കേസുകൾ തെളിയിക്കുന്നതിന് പരിശീലനം ലഭിച്ച നായ്‌ക്കളാണ് ട്രാക്കർ ഇനം. സ്‌ഫോടക വസ്‌തുക്കളും ലഹരിമരുന്നുകളും മണം പിടിച്ച് കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ചവരാണ് സ്‌നിഫർ ഇനം.