bjppala

കോട്ടയം: പാലായിലെ ബി.ജെ.പി വോട്ടുകൾ ജില്ലാ പ്രസിഡന്റും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ എൻ. ഹരി യു.ഡി. എഫ് സ്ഥാനാർത്ഥിക്ക് മറിച്ചു കൊടുത്തുവെന്ന ആരോപണം സംസ്ഥാനത്ത് അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചിരിക്കെ ബി.ജെ.പി നേതൃത്വത്തെ പിടിച്ചുലയ്ക്കുന്നു. പ്രചാരണത്തിൽ നിർജീവമായെന്ന കാരണത്താൽ ബി.ജെ.പി പാലാ മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കകണ്ടത്തെ വോട്ടെടുപ്പ് അവസാനിച്ചതിനൊപ്പം ജില്ലാ പ്രസിഡന്റ് എൻ. ഹരി സസ്പെൻഡ് ചെയ്തിരുന്നു.

സംസ്ഥാന നേതൃത്വത്തെ വരെ പ്രതിക്കൂട്ടിലാക്കി വോട്ടു കച്ചവടം വെളിപ്പെടുത്തി ബിനു വാർത്താസമ്മേളനം നടത്തിയതോടെ ബി.ജെ.പി പ്രതിരോധത്തിലായി. പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചാൽ ബി.ജെ.പി വോട്ട് കച്ചവടമെന്ന് പറഞ്ഞ് തോൽവി ന്യായീകരിക്കാൻ ഇടതു മുന്നണി നേതാക്കൾക്കും ഇത് സുവർണാവസരമായി. ബി.ജെ.പി മഹിളാമോർച്ചാ പാലാ നിയോജക മണ്ഡലം പ്രസിഡന്റിനു പുറമേ അരഡസനോളം പാർട്ടി ഭാരവാഹികളും വോട്ട് കച്ചവടം ആരോപിച്ച് രാജിവയ്ക്കുമെന്ന പ്രചാരണവും ശക്തമാണ്. കൂട്ട രാജി ഒഴിവാക്കാൻ പാർട്ടി നേതൃത്വം ഇടപെട്ടിട്ടുണ്ടെങ്കിലും വോട്ടു കച്ചവട പാർട്ടി എന്ന പഴകിയ ആരോപണം പാലാ ഉപതിരഞ്ഞെടുപ്പോടെ വീണ്ടും ഉയർന്നത് പാർട്ടി നേതൃത്വത്തിന് നാണക്കേടായി. വോട്ടു കച്ചവടത്തിൽ കോൺഗ്രസ് -കേരള കോൺഗ്രസ് ഉന്നത നേതൃത്വത്തിന്റെ ഇടപെടലുണ്ടെന്നായിരുന്നു ബിനുവിന്റെ ആരോപണം.

ബി.ജെ.പി സ്ഥാനാർത്ഥിയുടെ കലാശക്കൊട്ടിൽ പണം വാരിയെറിഞ്ഞ് കെട്ടു കാഴ്ചകൾ വരെ ഇറക്കി ശക്തി കാണിച്ചാണ് വിലപേശൽ നടത്തിയത്. പാലാ അരമനയുടെ മുന്നിൽ പ്രകടനം നിറുത്തി മുദ്രാവാക്യങ്ങൾ മുഴക്കി പ്രകോപനം സൃഷ്ടിച്ചു. ഇതു വഴി ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണം ഉണ്ടാക്കി യു.ഡി.എഫിന് അനുകൂലമാക്കാൻ ഈ തന്ത്രം സഹായിച്ചു. 2016ലും ഹരിയുടെ ഇതേ തന്ത്രമാണ് തോൽവിയിൽ നിന്ന് കെ.എം. മാണിയെ രക്ഷിച്ചത്. സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ പിന്തുണ കൊണ്ടാണ് പ്രാദേശിക ഘടകങ്ങളുടെ എതിർപ്പ് മറികടന്ന് ഹരിക്ക് സ്ഥാനാർത്ഥിത്വം വീണ്ടും ലഭിച്ചത്. വോട്ടു കച്ചവടത്തിൽ അവരുടെ പങ്കും തെളിഞ്ഞിരിക്കുകയാണെന്നും ബിനു ആരോപിക്കുന്നു. പാലായിൽ ബി.ജെ.പിക്ക് വീഴ്ചയുണ്ടായെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും ഇന്നലെ സമ്മതിച്ചിരുന്നു. 27ന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതോടെ നിലവിലുള്ള വോട്ട് വിഹിതത്തിൽ കുറവ് വന്നാൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലും പ്രശ്നങ്ങൾ ഉണ്ടായേക്കും.