ചങ്ങനാശേരി: മാവേലിക്കര തട്ടാരമ്പലത്തിന് പടിഞ്ഞാറ് പുതുശേരിയമ്പലം ജംഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ ബൈക്കിടിച്ച് മരിച്ച ചാൾസ് ആന്റണിയുടെ (25) സംസ്‌കാരം ഇന്ന് 2.30 ന് നാലുകോടി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും. ചങ്ങനാശേരി നാലുകോടി പനമൂട്ടിൽ വീട്ടിൽ എസ് ബി കോളേജ് റിട്ട. പ്രൊഫസർ ഡോ. വി. ടി ആന്റണിയുടെ മകനാണ്. തിങ്കളാഴ്ച രാത്രി 11.05 നായിരുന്നു അപകടം. മാവേലിക്കര കുന്നം ഭാഗത്തേക്ക് സിമന്റുമായി വന്ന ലോറി പുതുശേരിയമ്പലം ജംഗഷന് സമീപം നിർത്തിയിട്ടിരുന്നു. ഹരിപ്പാട് ഭാഗത്തു നിന്നും തട്ടാരമ്പലത്തിലേക്ക് വന്ന ബൈക്ക് നിയന്ത്രണം തെറ്റി ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ ചാൾസിനെ ഉടൻ തന്നെ മാവേലിക്കര തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. മാവേലിക്കരയിൽ സർവ്വീസിന് കൊടുത്ത ബുള്ളറ്റുമായി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. ബി.ടെക് കഴിഞ്ഞ ചാൾസ് ജോലിക്കായി അയർലണ്ടിലേക്ക് പോകാനിരിക്കേയാണ് അപകടം. മാതാവ്. ഡോ മേഴ്‌സി, (തുരുത്തി പുറവടി കുടുംബാംഗം.) സഹോദരി: ഫ്‌ളോറ, സഹോദരൻ: ടോംസി