മുണ്ടക്കയം: അനശ്വരനടൻ തിലകന്റെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് കേരള സംഗീത നാടക അക്കാഡമിയും ജില്ലാ പഞ്ചായത്തും തിലകൻ അനുസ്മരണ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് നാടകോത്സവത്തിന് മുണ്ടക്കയത്ത് തിരശീല ഉയർന്നു. സി.എസ്.ഐ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ആദ്യകാല നാടകനടിയും, ഗായികയുമായ പി.കെ.മേദിനി നാടകോത്സവം ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാഡമി ചെയർപേഴ്സൺ കെ.പി.എ.സി ലളിത അദ്ധ്യക്ഷത വഹിച്ചു. കെ.ജെ. തോമസ് തിലകൻ അനുസ്മരണപ്രഭാഷണം നടത്തി. തുടർന്ന് തിലകൻ രൂപീകരിച്ച അമ്പലപ്പുഴ അക്ഷരജ്വാല നാടകസമിതിയുടെ 'വേറിട്ടകാഴ്ചകൾ' എന്ന നാടകം അരങ്ങേറി.
ഇന്ന് വൈകിട്ട് 5 ന് 'അരങ്ങിലെ നവോത്ഥാന സമരമുഖം' എന്ന വിഷയത്തിൽ കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളി പ്രഭാഷണം നടത്തും. തുടർന്ന് മലപ്പുറം ലിറ്റിൽ എർത്ത് തിയേറ്റേഴ്‌സിന്റെ ബോളിവിയൻ സ്റ്റാർസ് നാടകം അറങ്ങേറും. നാളെ വൈകിട്ട് 5 ന് 'നാടകവും കേരളത്തിലെ സാംസ്കാരിക മുന്നേറ്റവും' എന്ന വിഷയത്തിൽ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണന്റ പ്രഭാഷണം നടത്തും. തുടർന്ന് കെ.പി.എ.സിയുടെ 'മുടിയനായ പുത്രൻ' അരങ്ങിലെത്തും. 27 ന് വൈകിട്ട് 5 ന് കലയും സാഹിത്യവും സാംസ്കാരികതയും എന്ന വിഷയത്തിൽ സാഹിത്യകാരൻ പി. കെ. ഹരികുമാർ പ്രഭാഷണം നടത്തും.കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം 'അമ്മ', 28 ന് കോഴിക്കോട് സംഘചേതനയുടെ നാടകം നയാപൈസ എന്നിവ അവതരിപ്പിക്കും. 29 ന് വൈകിട്ട് 4 ന് ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അനശ്വര നാടകഗാനങ്ങളുടെ അവതരണവും ഉണ്ടാകും.