പിണറായിയുടെ പര്യടനം ഗുണമായി : തിരുവഞ്ചൂർ

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

ഭൂരിപക്ഷം 20000 വരെ എത്താം. പിണറായി വിജയൻ മൂന്നു ദിവസം പാലായിൽ താമസിച്ച് ഒമ്പതു പൊതുയോഗങ്ങളിൽ പങ്കെടുത്തത് യു.ഡി.എഫിനാണ് സഹായകമായത്.

യു.ഡി.എഫിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചവർ ഒറ്റപ്പെട്ടു സ്വയം ചെറുതായതല്ലാതെ ഒരു വോട്ടു പോലും കുറയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല . പുറത്ത് പഠിക്കാൻ പോയ കുട്ടികൾക്ക് വരാൻ കഴിയാതിരുന്നതും യു.ഡി.എഫിന് ജയം ഉറപ്പെന്നു മനസിലാക്കി മറ്റ് മുന്നണി പ്രവർത്തകർ വരാതിരുന്നതും പോളിംഗ് ശതമാനം വർദ്ധിക്കാതിരിക്കാൻ കാരണമായി.

സർവേ പെയ്ഡ്, പണത്തിനു സമീപിച്ചു: വാസവൻ

ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് മറിച്ചു കൊടുത്തിട്ടില്ലെങ്കിൽ ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പൻ വിജയിക്കുമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ പറഞ്ഞു. ബി.ജെ. പി പ്രവർത്തനം തുടക്കം മുതൽ നിർജീവമായിരുന്നു . പല ബൂത്തിലും ഇരിക്കാൻ ആളില്ലായിരുന്നു . പോളിംഗ് ശതമാനം കുറഞ്ഞത് ഇടതു മുന്നണിയെ സഹായിക്കും. മുഴുവൻ വോട്ടുകളും ചെയ്യിക്കാനായി. മുഖ്യമന്ത്രി മൂന്നു ദിവസം തങ്ങി പ്രചാരണത്തിന് നേതൃത്വം നൽകിയതും മന്ത്രിമാരടക്കം ഇടതു നേതാക്കൾ കുടംബയോഗങ്ങളിൽ പങ്കെടുത്തതുമെല്ലാം വോട്ടാകുമെന്നാണ് പ്രതീക്ഷ. എക്സിറ്റ് പോളിലൊന്നും വിശ്വസിക്കുന്നില്ല.അത് പെയ്ഡ് സർവ്വേയാണ് . ഇടതു സ്ഥാനാർത്ഥിയെയും അവർ പണം ചോദിച്ചു സമീപിച്ചിരുന്നു.

വോട്ട് ശതമാനം വർദ്ധിക്കും: ജയസൂര്യൻ

പാലായിൽ ബി.ജെ.പിക്ക് അഭിമാനകരമായ വിജയമുണ്ടാകുമെന്ന് ക‌ർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ജയസൂര്യൻ പറഞ്ഞു. വോട്ട് ശതമാനം വർദ്ധിക്കും . ശബരിമലയും കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളും നേട്ടമാകും. ന്യൂനപക്ഷ സമുദായാംഗങ്ങൾക്കിടയിൽ അകൽച്ച ഇല്ലാതായി. എൻ.ഡി.എ ഘടക കക്ഷി നേതാക്കളായ പി.സി.ജോർജ്, പി.സി തോമസ് എന്നിവരുടെ മണ്ഡലത്തിലെ സ്വാധീനവും വോട്ടായി മാറുമെന്നാണ് പ്രതീക്ഷയെന്നും ജയസൂര്യൻ വ്യക്തമാക്കി.