ചങ്ങനാശേരി: കുറിച്ചി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കുന്നലിക്കൽ ഭാഗത്തെ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതാക്കിക്കൊണ്ട് ബാരിക്കേഡുകൾ സ്ഥാപിച്ച് റെയിൽവേ വഴിതടഞ്ഞതായി നാട്ടുകാരുടെ പരാതി. റെയിൽവേ ലൈനിന് പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന 250 ഓളം കുടുംബങ്ങളുടെ സഞ്ചാരമാർഗമാണ് ഇതോടെ ഇല്ലാതായിരിക്കുന്നത്.
ചിറവംമുട്ടം മുതൽ ഇളംകാവ് വാലയിൽ ഭാഗം വരെയുള്ള കുടുംബങ്ങൾ റെയിൽവേ ലൈനിനോടു ചേർന്നുള്ള ഈ റോഡാണ് ഉപയോഗിച്ചിരുന്നത്. ഒരു സൈക്കിൾ പോലും കടന്നു പോകാനാകാത്ത വിധമാണ് ഇപ്പോൾ ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
റെയിൽവേ ലൈനിന് സമാന്തരമായി റോഡ് നിർമ്മിച്ച് ജനങ്ങൾക്ക് സഞ്ചാര മാർഗ്ഗം നൽകണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും ഇതുവരെ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികൾ പറയുന്നു. വൃദ്ധരും കുട്ടികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഇവിടം.
അസുഖം ബാധിച്ചാൽ ആശുപത്രിയിലെത്തണമെങ്കിൽ വളരെയധികം ബുദ്ധിമുട്ടേണ്ടി വരുമെന്നും നാട്ടുകാർ പറയുന്നു.
250 ഓളം കുടുംബങ്ങൾ ബുദ്ധിമുട്ടിൽ
ചിറവംമുട്ടം മുതൽ ഇളംകാവ് വാലയിൽ ഭാഗം വരെയുള്ള കുടുംബങ്ങൾ ഉപയോഗിച്ചിരുന്ന റോഡ്
സമാന്തര പാത നിർമ്മിക്കണം
ഗ്രാമപഞ്ചായത്തധികാരികളും സർക്കാരും ഇടപെട്ട് ചിറവംമുട്ടം റെയിൽവേക്ക് പടിഞ്ഞാറ് ഭാഗത്ത് സഞ്ചാരയോഗ്യമായ സമാന്തര പാത നിർമ്മിക്കണമെന്ന് അമ്പലക്കോടി പൗരസമിതി യോഗം ആവശ്യപ്പെട്ടു. ബിജു എസ് മേനോന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഷിനോജ് പി ബി, അജിമോൻ പി ബി, ഗിരീഷ് ആലഞ്ചേരിൽ എന്നിവർ പങ്കെടുത്തു.