വൈക്കം: വൈക്കം ആയുർവേദാശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്ന് നിലകളിലായി നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ജനലിന്റെ മുകൾ ഭാഗത്ത് ഷെയ്ഡ് ഇല്ലാത്തതിനാൽ മഴ പെയ്താൽ മുറികൾക്കുള്ളിൽ വെള്ളം കെട്ടിനിൽക്കുന്നത് രോഗികളെ ദുരിതത്തിലാക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് രോഗികൾ ചികിത്സ തേടി ഇവിടെയെത്താറുണ്ട്. മൂന്ന് നില കെട്ടിടത്തിൽ ലിഫ്റ്റ് സൗകര്യം ഇല്ലാത്തതും രോഗികളെ ദുരിതത്തിലാക്കുന്നു. മതിയായ ജീവനക്കാർ ഇവിടെയില്ലാത്തതാണ് മറ്റൊരു പ്രശ്നം. 30 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ മൂന്ന് ഡോക്ടർമാർ, രണ്ട് നേഴ്‌സ്, ഒരു ഫാർമസിസ്റ്റ്, ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരും ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് പഞ്ചകർമ്മ തെറാപ്പിസ്റ്റ് ,മൂന്ന് നേഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുമാണ് ആകെയുള്ളത്. ക്ലറിക്കൽ ജോലി, സെക്യൂരിറ്റി എന്നിവയ്ക്ക് ആളില്ല.
ആശുപത്രിയുടെ പോരായ്മ പരിഹരിക്കുന്നതിനും മതിയായ ജീവനക്കാരെ നിയമിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
നടപടികൾ സ്വീകരിക്കണം
ആശുപത്രി കെട്ടിടം ചോർന്നൊലിക്കാൻ ഇടയാക്കിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും മതിയായ ജീവനക്കാരെ നിയമിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ഐ.എൻ.ടി.യു.സി വൈക്കം യൂണിറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇടവട്ടം ജയകുമാർ, സെക്രട്ടറി മഹേശൻ മാടത്തിൽ ചിറ, ട്രഷറർ കെ.ആർ.ബിജു എന്നിവർ പ്രസംഗിച്ചു