ഞീഴൂർ : പഞ്ചായത്തിൽ ടൗൺ കേന്ദ്രീകരിച്ച് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി ഗവൺമെന്റ് ആശുപത്രി വേണമെന്ന ആവശ്യം ശക്തമാക്കുന്നു. ആശുപത്രി ഇല്ലാത്തതിനാൽ ഞീഴൂരും പരിസര പ്രദേശത്തുമുള്ള രോഗികൾ പത്ത് കിലോമീറ്ററോളം സഞ്ചരിച്ച് കുറവിലങ്ങാട് താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ എത്തിയാണ് ചികിത്സ തേടുന്നത്. വാഹന സൗകര്യങ്ങൾ കുറവായ ഞീഴൂരിൽ നിന്നും വളരെ ബുദ്ധിമുട്ടിയാണ് വൃദ്ധജനങ്ങൾ ഉൾപ്പെടെയുള്ള രോഗികൾ കുറവിലങ്ങാടെത്തുന്നത്. അതല്ലെങ്കിൽ അഞ്ചു കിലോമീറ്ററോളം അകലെ മുളക്കുളം പഞ്ചായത്തിൽ അറുന്നൂറ്റിമംഗലം ഗവൺമെന്റ് പി.എച്ച്.സി സെന്ററാണ് മറ്റൊരു ആശ്രയം. എന്നാൽ ഇവിടുത്തെ പരിമിതമായ സൗകര്യങ്ങളും രോഗികളുടെ തിരക്കും വാഹന സൗകര്യമില്ലാത്തതു കാരണവും ഞീഴൂരിൽ നിന്നും ഇവിടെ ചികിത്സയ്ക്കായി എത്തുകയെന്നത് അപ്രാപ്യവുമാണ്. ഇവിടെ രോഗികളെ കിടത്തി ചികിത്സയും ഉണ്ടെങ്കിലും ബെഡ് സൗകര്യം പരിമിതമാണ്.
ബുദ്ധിമുട്ടിൽ രോഗികൾ
ഞീഴൂരിൽ ഗവൺമെന്റ് ആശുപത്രിയും കാട്ടാംമ്പാക്കിൽ ഒരു ഗവൺമെന്റ് ഡിസ്പെൻസെറിയും ഉണ്ട്. എന്നാൽ പകൽ സമയത്ത് മാത്രമാണ് ഇവിടെ ചികിത്സ ലഭ്യമാകുന്നത്. എങ്കിലും ഇവിടുത്തെ സൗകര്യവും പരിമിതമാണ്. സമീപത്ത് ആശുപത്രിയില്ലാത്തതിനാൽ രാത്രി കാലങ്ങളിൽ അത്യാഹിത രോഗികളെ നിശ്ചിത സമയത്തിനുള്ളിൽ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വരുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.
ഷിജി , പ്രദേശവാസി
" പ്രദേശത്ത് ആശുപത്രി ഇല്ലാത്തത് ഏറെ ബുദ്ധിമുട്ടാണ്. എന്തെങ്കിലും അത്യാഹിതമോ രോഗമോ ഉണ്ടായാൽ കുറവിലങ്ങാട് ആശുപത്രിയിൽ വേണം പോകാൻ "