ശിക്ഷിക്കപ്പെട്ടത് ഇടുക്കി സ്വദേശികൾ
വടകര: കാറിൽ കടത്തുകയായിരുന്ന അന്‍പത് കിലോ കഞ്ചാവുമായി അറസ്റ്റിലായ കേസിൽ രണ്ടു പ്രതികള്‍ക്കും 15 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ഇടുക്കി അടിമാലി മണ്ണംകുന്നം മൈലാടിയില്‍ അഫ്‌സല്‍ .എം.ഷെറീഫ്(25), ഇടുക്കി ഇരുമ്പുപാലം വാളാറ കുപ്പശ്ശേരി ധനീഷ് പവിത്രം (30) എന്നിവർക്കാണ് വടകര എന്‍.ഡി.പി.എസ് കോടതി ജഡ്ജ് എം.വി.രാജകുമാര ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടുതൽ തടവ് അനുഭവിക്കണം.
കേസ്സിനു ആസ്പദമായ സംഭവം 2018 ആഗസ്റ്റ് 8 നായിരുന്നു. ആന്ധ്രപ്രദേശില്‍ നിന്ന് കടത്തികൊണ്ടുവന്ന കഞ്ചാവാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി അശ്വകുമാര്‍, മുക്കം എസ്.ഐ. കെ.പി.അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ അരീക്കോട് - മുക്കം സംസ്ഥാനപാതയിലെ ഓടത്തെരുവില്‍ കാറില്‍ കടത്തുകയായിരുന്ന 50 കിലോ 350 ഗ്രാം കഞ്ചാവുമായാണ് പ്രതികള്‍ പിടിയിലായത്. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രപ്രദേശിലെ അറക്ക എന്ന സ്ഥലത്ത് നിന്നു മലബാര്‍ മേഖലയിലേയും കര്‍ണ്ണാടകയിലെ ബൈരക്കുപ്പയിലെയും മൊത്തവിതരണക്കാര്‍ക്ക് കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. പ്രോസിക്യൂഷനു വേണ്ടി അഡിഷണല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ എ.സനൂജ് ഹാജരായി.