വൈക്കം: ശ്രീനാരായണ ഗുരുദേവനും രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുമടക്കമുള്ള മഹാത്മാക്കളുടെ പാദസ്പർശമേറ്റ നൂറ്റാണ്ടു പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടി അതീവ ജീർണ്ണാവസ്ഥയിൽ. ആസ്ബറ്റോസു മേഞ്ഞ് പലകൾ പാകിയ ബോട്ടുജെട്ടി കെട്ടിടം വർഷങ്ങളായി ജീർണാവസ്ഥയിലാണ്. രാജഭരണ കാലത്ത് നിർമ്മിക്കപ്പെട്ട ബോട്ടുജെട്ടിക്കെട്ടിടത്തിൽ പഴയപ്രതാപത്തിന്റെ ശംഖുമുദ്ര ഒളിമങ്ങാതെ ഇപ്പോഴും നിലനിൽക്കുന്നത് മാത്രമാണ് ചരത്രത്തിന് ഓർമ്മയേകുന്നത് . വൈക്കം സത്യഗ്രഹസമരമടക്കമുള്ള ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ ഈ ബോട്ടുജെട്ടി തനിമ നിലനിർത്തി പുനർനിർമ്മിച്ച് ചരിത്ര സ്മാരകമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വൈക്കം സത്യഗ്രഹ സമരത്തെക്കുറിച്ചു അവബോധമുണ്ടാക്കാൻ പുരാരേഖ വകുപ്പ് സത്യഗ്രഹ സ്മാരകം മ്യൂസിയമാക്കുന്നതിനുള്ള പ്രവർത്തനം ദ്രുതഗതിയിൽ നടന്നുവരികയാണ്. മൂന്നു കോടിയോളം രൂപ വിനിയോഗിച്ചു നടപ്പാക്കുന്ന പദ്ധതിയിൽ മാത്മജി വന്നിറങ്ങിയ വൈക്കത്തെ പഴയ ബോട്ടുജെട്ടിയും സ്മാരകമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന വൈക്കത്തെ വിനോദസഞ്ചാര വികസനത്തിന് കൂടി ആക്കം കൂട്ടുന്ന നിർമ്മിതിയാകുമുണ്ടാകുകയെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും ബോട്ടുജെട്ടി ചരിത്ര സ്മാരകമാക്കുന്നതിനുള്ള തുടർ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ക്ഷേത്രനഗരിയുടെ ചരിത്രത്തിൽ അനിക്ഷേധ്യമായ സ്ഥാനമുള്ള വൈക്കത്തെ പഴയ ബോട്ടുജെട്ടി ചരിത്ര സ്മാരകമായി പുനർനിർമ്മിക്കുന്നതിന് സാംസ്‌കാരിക വകുപ്പ് നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.