പൊൻകുന്നം : വെള്ളമില്ല, വഴിയില്ല, കക്കൂസില്ല...ഭൂരിഭാഗം വീടുകളാകട്ടെ ഇടിഞ്ഞു വീഴാറായ നിലയിൽ. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ ജനവാസകേന്ദ്രമായ കോയിപ്പള്ളിയോട് അധികൃതർ തുടരുന്ന കടുത്ത അനാസ്ഥയുടെ നേർച്ചിത്രമാണിത്. പൊൻകുന്നം നഗരത്തോട് ചേർന്ന് നാല് കോളനികളിലായി ആയിരത്തിൽപ്പരം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ 2,3,4 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന മഞ്ഞാവ്, തൊമ്മിത്താഴെ, കോയിപ്പള്ളി, ശാന്തിഗ്രാം കോളനികളിൽ താമസിക്കുന്നവർക്ക് ഒരു സെന്റ് മുതൽ അഞ്ചുസെന്റ് വരെ ഭൂമിയാണുള്ളത്. പതിറ്റാണ്ടുകളായി ഇല്ലായ്മകളുടെ നടുവിൽ ഒതുങ്ങിക്കൂടാനാണ് ഇവരുടെ വിധി.
അഞ്ചു സെന്റിൽ രണ്ടും മൂന്നും വീടുകളാണുള്ളത്. മഴയത്ത് ഇവ ചോർന്നൊലിക്കും. പൊതുവഴിയില്ലാത്തതിനാൽ സ്വന്തം വീടെത്തണമെങ്കിൽ മറ്റ് വീടുകളുടെ മുറ്റത്തുകൂടി കയറിയിറങ്ങണം.
കോളനിയുടെ അതിർത്തിയിലൂടെ ഒഴുകുന്ന തോട്ടിൽ മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പ്രദേശത്തേക്കുള്ള റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. ഇതുവഴിയുള്ള കാൽനടയാത്ര പോലും അസാദ്ധ്യമാണെന്ന് നാട്ടുകാർ പറഞ്ഞു.
പറയാനേറെയുണ്ട് ഇവർക്ക്
വഴിവിളക്കുകൾ തെളിയുന്നില്ല
പൊതുകിണറുകളില്ല
പൈപ്പുകളിൽ വെള്ളമില്ല
മാലിന്യസംസ്കരണ സംവിധാനമില്ല
കണക്കിൽ എല്ലാമുണ്ട്, ഒന്നുമില്ല
പഞ്ചായത്ത് നിർമ്മിച്ച് നൽകിയ ചില വീടുകൾ കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണ്. അറ്റകുറ്റപ്പണിക്ക് സഹായം ലഭിക്കണമെങ്കിൽ കടമ്പകളേറെയാണ്. തലമുറ മാറ്റത്തിലൂടെ ഉടമസ്ഥാവകാശം മാറിയെങ്കിലും പഞ്ചായത്ത് രേഖകൾ മാറാത്തതിനാൽ അർഹതപ്പെട്ട സഹായങ്ങൾ പോലും ലഭിക്കുന്നില്ല. സ്വന്തമായി വീടും ഭൂമിയുമില്ലാത്തവർക്ക് സർക്കാർ വീടു നൽകുന്ന പദ്ധതിയുണ്ടെങ്കിലും ഇവർ അയോഗ്യരാണ്. ഇവിടെ കഴിയുന്ന ഒരുസെന്റുകാർ വീടും സ്ഥലവും ഉള്ളവരല്ലേ.
''പ്രദേശത്തെ റോഡുകളുടെ ശോച്യാവസ്ഥയെങ്കിലും പരിഹരിച്ചെങ്കിൽ മതിയായിരുന്നു. പൊട്ടിത്തകർന്ന് കിടക്കുന്ന റോഡിലൂടെ കുട്ടികളടക്കം എങ്ങനെയാണ് യാത്ര ചെയ്യുന്നത്.
കോളനി നിവാസി