തലയോലപ്പറമ്പ് : കാരിക്കോട്ടും പരിസര പ്രദേശങ്ങളിലും മോഷണം വർദ്ധിക്കുന്നതായി പരാതി. മൂന്ന് വീടുകളിലായി നാല് പ്രാവശ്യമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മോഷണം നടന്നത്. റബർ ഷീറ്റ്, ഒട്ടുവള്ളി, വാഴക്കുല, ജാതിക്ക എന്നിവയാണ് മോഷ്ടിക്കുന്നത്. വെള്ളൂർ പൊലീസ് സ്റ്റേഷന് സമീപം കയ്യൂരിക്കലിലാണ് മോഷണം നടന്നത്.കഴിഞ്ഞ ദിവസം മലയിൽ മാത്യൂവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവരുടെ പുറത്തെ അഴയിൽ ഉണക്കാനിട്ടതും അകത്ത് മുറിയിൽ സൂക്ഷിച്ചിരുന്നതുമായ റബർ ഷീറ്റും ഒട്ടുവള്ളിയുമാണ് മോഷ്ടാക്കൾ അപഹരിച്ചത്. മൂപ്പനത്ത് എം. സി ഔസേപ്പിന്റെ വീട്ടിൽ നിന്നും വില്പനക്കായി സൂക്ഷിച്ചിരുന്ന ജാതിക്കയാണ് മോഷണം പോയത്. കൂത്താകുളത്തിൽ പുത്തൻപുരയിൽ കെ. കെ ബേബിയുടെ പുരയിടത്തിൽ നിന്നിരുന്ന വാഴക്കുലകളും വീട്ടിൽ സൂക്ഷിച്ചിരുന്ന ജാതിക്കായും മോഷ്ടാക്കൾ കവർന്നു. തുടർച്ചയായി ഈ പ്രദേശത്ത് മോഷണം നടക്കുന്നതിനാൽ രാത്രി കാലങ്ങളിൽ ഇതു വഴിയുള്ള പൊലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.