ചങ്ങനാശേരി: ഒരു ഇടവേളയ്ക്ക് ശേഷം നാടിനെ ഭീതിയിലാഴ്ത്തി ക്വട്ടേഷൻ സംഘങ്ങൾ സജീവമാകുന്നു. ഇന്നലെ വൈകിട്ട് ഫാത്തിമാപുരം റെയിൽവേ റോഡിൽ പട്ടാപ്പകൽ അടൂർ സ്വദേശിയ്ക്ക് വെട്ടേറ്റതാണ് ഒടുവിലത്തെ സംഭവം. അക്രമം നടത്തിയത് ക്വട്ടേഷൻ സംഘങ്ങളാണെന്നാണ് സൂചന. കാറിൽ എത്തിയ സംഘമായിരുന്നു ഇതിന് പിന്നിൽ. സാമൂഹ്യവിരുദ്ധരുടെ ശല്യം ഓരോ ദിനവും ഏറി വരികയാണ്. മയക്കുമരുന്നു സംഘങ്ങളുടെ കേന്ദ്രമായി നഗരം മാറുന്നുവെന്ന് ആക്ഷേപമുണ്ട്. സാമൂഹ്യവിരുദ്ധശല്യം കുറയ്ക്കുന്നതിനായി നിരീക്ഷണ കാമറകൾ റെസിഡൻസ് അസോസിയേഷനുകളുടെയും വ്യാപാരികളുടെയും സഹായത്തോടെ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടപ്പിലായില്ല. പൊലീസ് പട്രോളിംഗ് കാര്യക്ഷമമല്ലെന്നും ജനങ്ങൾ പറയുന്നു.
തെരുവ് വിളക്കുകളും കാമറകളും ഇല്ല
തെരുവ് വിളക്കുകൾ തെളിയാത്തതും നിരീക്ഷണ കാമറകൾ സ്ഥാപിക്കാത്തതും അക്രമസംഘങ്ങൾക്കും സാമൂഹ്യവിരുദ്ധർക്കും ഏറെ സഹായകമാകുന്നു. ഇടറോഡുകളും പ്രധാന ജംഗ്ഷനുകളും രാത്രികാലങ്ങളിൽ ഇരുട്ടിന്റെ പിടിയിലാണ്. ഇത് അക്രമികളെ ഏറെ സഹായിക്കുന്നു.
അടുത്തകാലത്ത് സംഭവിച്ചത്
കറുകച്ചാലിൽ 19കാരിയെ ഭർത്താവ് അടിച്ചുകൊന്നു
ബൈക്കിന്റെ വേഗതയെ ചോദ്യം ചെയ്തതിന് വീടു കയറി അക്രമം
പായിപ്പാട് കൊച്ചുപള്ളിയിൽ മകൻ പിതാവിനെ കാശിനെച്ചൊല്ലി കൊന്നു
വാഴൂർ സ്റ്റാൻഡിൽ ബസിൽ സീറ്റ് തർക്കത്തെചൊല്ലി കത്തിക്കുത്ത്
ഫാത്തിമപുരത്ത് അടൂർ സ്വദേശിയെ അക്രമസംഘം വെട്ടിപ്പരിക്കേൽപിച്ചു