കോട്ടയം: പതിറ്റാണ്ടുകൾക്കുമുമ്പ് തിരുവിതാംകൂർ സഞ്ചാരസ്വാതന്ത്ര്യ സമരത്തിന് കാഹളം മുഴങ്ങിയ തിരുവാർപ്പിൽനിന്ന് ക്ഷേത്രാചാരത്തിന്റെ പേരിൽ പുതിയൊരു മുദ്രാവാക്യം.

'കന്നിമാസത്തിലെ തിരുവോണ നാളിൽ ഉഷഃപായസം കരക്കാർക്ക്' നൽകണമെന്ന ക്ഷേത്രനിയമം നടപ്പാക്കണമെന്നാണ് ഭക്തരുടെ ആവശ്യം. ഇതിനായി അമ്പത് ഭക്തർ ഒപ്പിട്ട നിവേദനം ദേവസ്വം കമ്മിഷണർക്കു നൽകിക്കഴിഞ്ഞു.

1500 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാനവഴിപാടാണ് ഉഷഃപായസം. നിയതമായ ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാണ് പായസം തയ്യാറാക്കുന്നത്. നിവേദ്യം പ്രസാദമായി വിതരണം ചെയ്യുന്നത് സംബന്ധിച്ചും അതിപുരാതനമായ ക്ഷേത്രനിയമാവലിയിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

'എല്ലാ കറുത്തവാവിനും വൃശ്ചികമാസത്തിലെ വെളുത്ത ദ്വാദശിക്കും ബ്രഹ്മസ്വം ചെലവിലും, കന്നിമാസത്തിലെ തിരുവോണം നാളിൽ കരക്കാർക്കും, ഉത്സവത്തിൽ ഒന്നാം ദിവസം തന്ത്രിക്കും, ഒരുദിവസം തോട്ടൂർ ആശാരിക്കും, ഒരുദിവസം ആമ്പലാറ്റ് പണിക്കർക്കും , ശേഷം ദിവസങ്ങളിൽ മാത്രം വിറ്റ് മുതലാക്കലും' എന്നാണ് ഉഷഃപായസത്തിന്റെ വിനിയോഗം സംബന്ധിച്ച് നിയമാവലിയിൽ (പതിവ് ബുക്ക്) പറഞ്ഞിരിക്കുന്നത്. എന്നാൽ കരക്കാർക്കുള്ള വിഹിതം നാളിതുവരെ നൽകിയിരുന്നില്ല. മറ്റുള്ളവരുടെ കാര്യത്തിൽ നിയമം നിയമത്തിന്റെ വഴിയ പോവുകയും ചെയ്തു. അടുത്തകാലത്ത് നിയമാവലിയുടെ പകർപ്പ് പുറത്തായതോടെയാണ് കരക്കാർ കഥയറിഞ്ഞത്. കാലാകാലങ്ങളായി ക്ഷേത്രഭരണസമിതി പൂഴ്ത്തിവച്ച അവകാശം വീട്ടുകിട്ടണമെന്നാണ് നാട്ടുകാർ ഇപ്പോൾ ആവശ്യപ്പെടുന്നത്.

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ക്ഷേത്രമെന്ന പ്രത്യേകത തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സ്വന്തമാണ്.

ഉഷഃപായസം

5 നാഴി ഉണക്കലരി, രണ്ടരകിലോ ശർക്കര, 5 തുടം നെയ്യ്, 5 കദളിപ്പഴം, 5 കൊട്ടത്തേങ്ങ എന്നിവ ചേർത്താണ് ഉഷഃപായസം തയ്യാറാക്കുന്നത്. അമ്പലപ്പുഴ പാൽപ്പായസത്തിനൊപ്പം തിരുവാർപ്പ് ക്ഷേത്രത്തിലെ ഉഷഃപായസത്തിനും പേറ്റന്റ് എടുക്കാനുള്ള ശ്രമത്തിലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

2026 വരെ ബുക്കിംഗ്

വിശേഷ ദിവസങ്ങൾ ഒഴികെ വഴിപാടായാണ് ഉഷഃപായസം നിവേദിക്കുന്നത്. 2026 വരെയുള്ള ബുക്കിംഗ് പൂർത്തിയായി.

'കന്നിമാസത്തിലെ തിരുവോണം നാളിൽ ഉഷ8പായസം കരക്കാർക്ക് അവകാശപ്പെട്ടതാണെന്ന വസ്തുത തിരിച്ചറിഞ്ഞപ്പോൾതന്നെ ദേവസ്വം ഭാരവാഹികളുമായി ബന്ധപ്പെട്ടെങ്കിലും അവർ കൈമലർത്തി. അതുകൊണ്ട് സബ് ഗ്രൂപ്പ് ഓഫീസർ മുതൽ അസി. കമ്മീഷണർ വരെയുള്ളവർക്ക് നിവേദനം നൽകിയിരിക്കുകയാണ്. '

- എ.എം. മോഹൻ ദാസ്, ആമ്പലാറ്രിൽ, കരക്കാരൻ