തലയോലപ്പറമ്പ് : ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ പ്രധാന പ്രവേശന കവാടത്തിൽ സ്ഥാപിച്ച ഹൈമാസ്​റ്റ് ലൈ​റ്റ് രണ്ട് മാസമായി മിഴിയടച്ചിട്ട്. മുളക്കുളം പഞ്ചായത്തിലെ മൂർക്കാട്ടുപടിയിൽ സ്ഥാപിച്ചിരിക്കുന്ന ലൈ​റ്റാണ് തകരാറിലായത്. എം.എൽ.എ ഫണ്ടിൽനിന്നും അനുവദിച്ച തുക വിനിയോഗിച്ചാണ് ഇത് സ്ഥാപിച്ചത്. നൂറ് കണക്കിന് യാത്രക്കാർ രാത്രികാലങ്ങളിൽ വന്നു പോകുന്ന ജംഗ്ഷനിൽ ലൈറ്റുകൾ തെളിയാത്തത് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. സന്ധ്യയാകുന്നതോടെ ജംഗ്ഷനിൽ ഇരുട്ടു മൂടുന്നതിനാൽ ബസ് കാത്തിരിപ്പ് കാരെയും കാൽനടയാത്രക്കാരെയും കാര്യമായി ബാധിക്കുന്നുണ്ട്. ലൈ​റ്റുകളുടെ അ​റ്റകു​റ്റപ്പണികൾ ചെയ്യേണ്ടത് പഞ്ചായത്താണെങ്കിലും നിരവധി തവണ അധികൃതരെ വിവരം അിറയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.