കോട്ടയം: 54 വർഷത്തിന് ശേഷം പാലായിൽ കെഎം.മാണിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെണ്ണൽ നാളെ നടക്കും. രാവിലെ എട്ടിന് കാർമൽ പബ്ലിക് സ്കൂളിൽ വോട്ടെണ്ണൽ ആരംഭിക്കും . പത്തുമണിയോടെ ആദ്യ ഫലസൂചനകൾ ലഭിക്കും. ഇലക്ട്രോണിക് സംവിധാനത്തിലൂടെ അയയ്ക്കുന്ന പോസ്റ്റൽ ബാലറ്റുകളും സാധാരണ പോസ്റ്റൽ ബാലറ്റുകളുമാണ് ആദ്യം എണ്ണുക. തുടർന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.

ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടർമാരിൽ ഒരു ലക്ഷത്തി ഇരുപത്തെണ്ണായിരത്തോളം വോട്ടുകളാണ് പോൾ ചെയ്തത്. പതിനായിരം വോട്ടുകൾ വെച്ച് പതിമൂന്ന് റൗണ്ട് വോട്ടെണ്ണൽ നടക്കും.

വൻ ഭുരിപക്ഷത്തോടെ പാലാമണ്ഡലം നിലനിറുത്തി യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം മാണിയുടെ പിൻഗാമിയാകുമെന്ന ആത്മവിശ്വാസമാണ് തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസ് കെ. മാണിയുമടക്കം ഉന്നത നേതാക്കൾ പ്രകടിപ്പിക്കുന്നത് . സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ 48 ശതമാനം വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി നേടുമെന്ന കണ്ടെത്തലിന്റെ ആഹ്ലാദത്തിലാണ് നേതാക്കൾ. 32 ശതമാനം വോട്ടുകൾ ഇടതു സ്ഥാനാർത്ഥിക്കും 19 ശതമാനം എൻ.ഡി.എ സ്ഥാനാ‌ർത്ഥിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം . 16 ശതമാനം വോട്ടുകൾ കൂടുതൽ ലഭിക്കുമെന്നതിനർത്ഥം ഭൂരിപക്ഷം 20000ന് മുകളിലാവും എന്നാണ്. കേരള സർവകലാശാല പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റ് സർവേയും യു.ഡി.എഫിനാണ് വിജയം പ്രവചിച്ചിട്ടുള്ളത്. കെ.എം.മാണി സഹതാപതരംഗവും ശബരിമലയും ഈ തിരഞ്ഞെടുപ്പിലും വോട്ടർമാരെ സ്വാധീനിച്ചുവെന്നാണ് സൂചന.

വോട്ടെണ്ണലിനു മുുമ്പേ കേരളകോൺഗ്രസിലും ബി.ജെ.പിയിലും അടി തുടങ്ങി.

കേരളകോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള അകൽച്ച വോട്ടെടുപ്പ് കഴിയുന്നതോടെ രൂക്ഷമാകുമെന്നാണ് ഇരുവിഭാഗം നേതാക്കളും നൽകുന്ന സൂചന. വോട്ടെടുപ്പ് ദിവസം ജോസഫ് വിഭാഗം നേതാവ് ജോയി എബ്രഹാം നടത്തിയ പരാമർശങ്ങൾ ദുരുദ്ദേശ്യപരവും യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെയെന്നും ആരോപിച്ച് ജോസ് വിഭാഗം രംഗത്തെത്തെത്തി. യു.ഡി.എഫ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ നടത്തിയ കളിയായതിനാൽ ഉന്നത നേതൃത്വം ഇടപെട്ട് നടപടി എടുക്കണമെന്നാണ് ആവശ്യം. ജോസ് വിഭാഗത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് ജോയ് എബ്രഹാമിന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന കർശന നിർദ്ദേശം യു.ഡി.എഫ് നേതാക്കൾ നൽകിയിട്ടുണ്ട്. എങ്കിലും വോട്ടെണ്ണൽ കഴിയുന്നതോടെ ഇരുവിഭാഗം പ്രവർത്തകരും ഏറ്റുമുട്ടിയേക്കുമെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് നൽകുന്ന മുന്നറിയിപ്പ്.

ബി.ജെ.പി വോട്ടുകൾ എൻ.ഹരി യു.ഡി.എഫിന് മറിച്ച് കൊടുത്ത് വോട്ട് കച്ചവടം നടത്തിയെന്ന പാലാ നിയോജകമണ്‌ഡലം ബി.ജെ.പി മുൻ പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിന്റെ ആരോപണം ബി.ജെ.പി നേതൃത്വത്തെ അങ്കലാപ്പിലാക്കി. പി.സി.ജോർജിന്റെ ജനപക്ഷത്തിന്റെ പിന്തുണ ഉണ്ടായിട്ടും ഹരിയുടെ വോട്ടിംഗ് ശതമാനം കുറഞ്ഞാൽ അത് ബി.ജെ.പിയിലും വലിയ പ്രതിസന്ധി ഉണ്ടാക്കും. വോട്ട് കൂടിയാൽ ആരോപണം ഉന്നയിച്ച ബിനുവിനെതിരെ പ്രവർത്തകർ തിരിയുന്ന സ്ഥിതിയും ഉണ്ടാകാം.

സഹതാപതരംഗവും ശബരിമലയും വോട്ടർമാരെ സ്വാധീനിച്ചു

വോട്ടെടുപ്പ് ദിവസം സംഘർഷ സാദ്ധ്യതയെന്ന് സ്പെഷ്യൽ ബ്രാഞ്ച്

ജോയ് എബ്രഹാമിന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി

ബിനു പുളിക്കക്കണ്ടത്തിനെതിരെ പ്രതിഷേധമുണ്ടാകുമെന്ന് സൂചന

ജോസ് ടോമിന് ഭൂരിപക്ഷം

20000

കടക്കുമെന്ന് പ്രവചനം