കോട്ടയം: ഇത് കോട്ടയം നഗരകവാടത്തിലെ ബസ് കാത്ത് 'നിൽപ്പു' കേന്ദ്രം. ദേശിയപാതയിൽ നാഗമ്പടം മേൽപ്പാലത്തിലും എം.സി.റോഡരുകിലുമാണ് നൂറുകണക്കിന് യാത്രക്കാരെ വലയ്ക്കുന്ന ഈ സാങ്കല്പികബസ് സ്റ്റോപ്പ്. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന നൂറുകണക്കിന് യാത്രക്കാർ ഏറ്റുമാനൂർ ഭാഗത്തേക്കും ടൗണിലേക്കുമുള്ള ബസ് കാത്തുനിൽക്കുന്നത് ഇവിടെയാണ്. മുമ്പ് രണ്ടുദിശയിലേക്കും സുരക്ഷിതമായ വെയിറ്റിംഗ് ഷെഡുകൾ ഉണ്ടായിരുന്നെങ്കിലും റെയിൽവേ മേൽപ്പാലം നിർമ്മാണത്തിനായി പൊളിച്ചുമാറ്റി. പിന്നീട് പുതിയപാലം വന്നെങ്കിലും കാത്തിരിപ്പുകേന്ദ്രത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല. വിഷയം മനുഷ്യാവകാശ കമ്മീഷനിൽ വരെ എത്തിയിട്ടും പൊതുമരാമത്ത് വകുപ്പോ, നഗരസഭയോ ഗൗരവമായി എടുത്തിട്ടില്ല.

നഗരത്തിലേക്കുള്ള ബസുകൾ മേൽപ്പാലത്തിലും ഏറ്റുമാനൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ മീനച്ചിലാറിന് മറുകരയിലുമാണ് നിറുത്തുന്നത്. രണ്ടിടത്തും ഇരിപ്പിടമോ വെയിലും മഴയും ഏൽക്കാതെ കയറിനിൽക്കാൻ മറ്റ് സംവിധാനങ്ങളോ ഇല്ല. ബസ് കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതുകൊണ്ടുതന്നെ വാഹനങ്ങൾ നിറുത്തുന്ന സ്ഥലത്തിനും വ്യക്തതയില്ല. ഡ്രൈവർമാരുടെ മനോഗതം പോലയാണ് ബസ് സ്റ്റോപ്പ്. പലപ്പോഴും വണ്ടിയിൽ കയറാൻ അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കേണ്ട ഗതികേടിൽ യാത്രക്കാരും. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന ദീർഘദൂര യാത്രക്കാരുടെ കാര്യത്തിലാണ് ഏറെ പ്രതിസന്ധി. ഭാരമുള്ള ബാഗുകളും മറ്റും തൂക്കിപ്പിടിച്ച് ബസിന് പിന്നാലെ നെട്ടോട്ടമോടണം.