വൈക്കം: വെള്ളക്കെട്ട് നിറഞ്ഞ വൈക്കം മഹാദേവ ക്ഷേത്രാങ്കണത്തിൽ നിന്നും ദർശനം നടത്തണമെങ്കിൽ മുട്ടറ്റം വെള്ളത്തിൽ നീന്തിപ്പോകേണ്ട ഗതികേടിലാണ് ഭക്തർ. മഴ തുടരുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ മഹാദേവ ക്ഷേത്ര ദർശനം വരും ദിവസങ്ങളിലും ദുരിതപൂർണ്ണമാവുമെന്നുറപ്പായി. എട്ടേക്കർ വരുന്ന ക്ഷേത്ര വളപ്പിന്റെ ഭൂരിഭാഗവും മഴ പെയ്താൽ വെള്ളക്കെട്ടാണ്. ഒഴുകി പുറത്തേക്ക് പോകുവാനുള്ള മാർഗ്ഗങ്ങൾ അടഞ്ഞു പോയതാണ് വെള്ളം കെട്ടികിടക്കുവാൻ പ്രധാനകാരണം. കെട്ടികിടക്കുന്ന വെള്ളം മലിനമായി കൊതുകും കൂത്താടിയും പെരുകുന്നു. ഇതിനിടയിൽ പച്ചപ്പുകളും പടർന്നു കയറി തുടങ്ങി. ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ചപ്പുചവറുകൾ കൂനയായി കുട്ടിയിട്ടിരിക്കുന്നത് കാണം. മഹാദേവ ക്ഷേത്രത്തിന്റെ മതിൽക്കകം മുഴുവൻ മണൽ വിരിച്ചിരിക്കുകയായിരുന്നു. ക്ഷേത്രത്തിൽ മണൽ ഇറക്കിയിട്ട് വർഷങ്ങളായി. അഷ്ടമി അടുത്ത് വരുന്ന സാഹചര്യത്തിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.