കോട്ടയം: അമിത ലാഭത്തിനായി ഏലയ്ക്കയിൽ കൃത്രിമം കാണിച്ചുതുടങ്ങിയതോടെ ലോകവിപണിയിൽ ഇടുക്കി ഏലത്തിന് വൻ തിരിച്ചടി. ഏലയ്ക്കക്ക് റിക്കാർഡ് വിലയായ 5,000ൽ എത്തിയതോടെയാണ് പച്ചനിറം കൃത്രിമമായി ചേർത്ത് വൻ ലാഭം നേടാൻ കർഷകർ ശ്രമമാരംഭിച്ചത്. ഇക്കാര്യം പുറത്തായതോടെ കാര്യങ്ങൾ കർഷകർക്ക് തിരിച്ചടിയായി. കേരളത്തിൽ നിന്ന് കയറ്റി അയച്ച ഏലയ്ക്ക അമേരിക്കയിൽ എത്തിയപ്പോഴാണ് കൃത്രിമമായി നിറം ചേർത്ത വിവരം സ്പൈസസ് ബോർഡ് തന്നെ അറിയുന്നത്. തുടർന്നുള്ള പരിശോധനയിലാണ് മൂന്നാംകിട ഏലയ്ക്കയിൽ വ്യാപകമായി നിറംചേർത്ത് മേൽത്തരമാക്കി കയറ്റിയയ്ച്ച കാര്യം ലോകം അറിഞ്ഞത്. ഇതോടെ തട്ടിപ്പുകാർക്കെതിരെ കർശന നടപടികളുമായി സ്പൈസസ് ബോർഡ് രംഗത്തെത്തിക്കഴിഞ്ഞു.
തമിഴ്നാട്ടിൽ നിന്നുള്ള രാസവസ്തുക്കൾ ചേർത്താണ് ഏലം സ്റ്റോറുകളിൽ വച്ച് കൃത്രിമ നിറം നൽകിയിരുന്നത്. ഏലയ്ക്ക ഉണക്കുന്നതിനു മുൻപ് നിറം കലർത്തിയ വെള്ളത്തിൽ മുക്കിയെടുക്കും. തുടർന്ന് സ്റ്റോറിലിട്ട് ഉണങ്ങിയെടുക്കും. എത്ര ദിവസംകഴിഞ്ഞാലും പച്ചനിറം മാറില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഗുണനിലവാരം ഒറ്റനോട്ടത്തിൽ തിരിച്ചറിയാനും കഴിയില്ല. ഇതിലൂടെ മൂന്നാം തരം കായ്ക്ക് ഒന്നാം തരത്തിന്റെ വില കിട്ടുകയും ചെയ്യും.
ഇ-ലേലത്തിലും പൊതു മാർക്കറ്റിലും ഇത്തരം ഏലയ്ക്കക്ക് പരമാവധി വില ലഭിക്കുന്നുണ്ട്. എന്നാൽ വിദേശത്തെ നിലവാര പരിശോധനയിൽ നിറം പുറത്താകുകയും ചെയ്യും. ഇതോടെയാണ് ഇടുക്കി കർഷകരുടെ കുബുദ്ധി പുറത്തായത്.
ഗുണനിലവാര തകർച്ചയെ തുടർന്ന് അമേരിക്കയിൽ എത്തിയ ടൺ കണക്കിന് ഏലയ്ക്കായാണ് തിരിച്ചുവിട്ടത്. ഇതോടെയാണ് സ്പൈസസ് ബോർഡ് തട്ടിപ്പുകാർക്കെതിരെ രംഗത്തെത്തിയത്. സ്പൈസസ് ബോർഡിന്റെ സർട്ടിഫിക്കറ്റോടുകൂടി മാത്രമേ ഏലം വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാൻ കഴിയൂ.
കൃത്രിമം കണ്ടുപിടിച്ചതോടെ ഏലയ്ക്കയുടെ വില മൂക്കുകുത്തി. 5,000 രൂപ വരെ എത്തിയ ഏലയ്ക്കയ്ക്ക് ഇന്നലെത്തെ വില 3,400 രൂപയാണ്. സ്പൈസസ് ബോർഡ് നടത്തിയ ഇ-ലേലത്തിൽ ഇത്തരത്തിൽ നിറം ചേർത്ത കായയും എത്തിയിരുന്നു. തുടർന്ന് നിറം കലർത്തിയ ഏലയ്ക്ക ലേലത്തിൽ വച്ച കർഷകർക്ക് ബോർഡ് നോട്ടീസ് അയച്ചിരിക്കുകയാണ്.