കോട്ടയം: അത്യാഹിതമുണ്ടായാൽ ഫോണിൽ 108 എന്ന് ഡയൽ ചെയ്താൽ മതി. നിലവിളി ശബ്ദമിട്ട് ആംബുലൻസ് പറന്നു വരും. രോഗികൾക്ക് അടിയന്തര ചികിത്സ ലഭിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന 108 ആംബുലൻസ് സേവനം ഇനി ജില്ലയ്ക്കും ലഭിക്കും. അനുവദിച്ച 17 ആംബുലൻസുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന 8 എണ്ണം സേവനം തുടങ്ങി. 12 മണിക്കൂർ പ്രവർത്തന സമയം നിശ്ചയിച്ചിട്ടുള്ള 9 അംബുലൻസുകൾ അടുത്തമാസം പകുതിയോടെ ഇറങ്ങും.

രണ്ട് സ്റ്റാഫ് നഴ്‌സ് വാഹനത്തിൽ ഉണ്ടാകും. ആശുപത്രിയിൽ നിന്ന് 12 കിലോമീറ്റർ ചുറ്റളവിൽ സേവനം ലഭിക്കും. എന്നാൽ ജില്ലയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുത്ത് ഇതിൽ മാറ്റം ഉണ്ടാകും. 108ൽ വിളിക്കുമ്പോൾ 3 മിനിട്ടിനുള്ളിൽ ആംബുലൻസ് പുറപ്പെടും. സമയ നഷ്ടം ഒഴിവാക്കി രോഗിയെ ആശുപത്രിയിൽ എത്തിച്ച് തിരികെ കോൾ സെന്ററിൽ വിവരം അറിയിക്കണം. തുടർ ചികിത്സ ആവശ്യമുള്ള സാഹചര്യത്തിൽ കോൾ സെന്ററിൽ നിന്നുള്ള നിർദേശം അനുസരിച്ചാകും ആംബുലൻസ് പ്രവർത്തനം ക്രോഡീകരിക്കുന്നത്. അണുബാധയുണ്ടാകാൻ കാരണമാകുന്നതിനാൽ മൃതദേഹം ഈ ആംബുലൻസിൽ കയറ്റില്ല.

പ്രവർത്തനം ഇങ്ങനെ

108ൽ വിളിക്കുമ്പോൾ കോൾ സെന്ററിൽ കണക്ടാകും. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സെൻട്രൽ സ്റ്റേഷനിൽ നിന്ന് ജി.പി.എസ് വഴി ആണ് സേവനവും പ്രവർത്തനവും നിയന്ത്രിക്കുന്നത്. ലൊക്കേഷനടക്കം ആംബുലൻസിൽ ലഭിക്കും.

സേവനം തുടങ്ങിയത് 8

ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, വൈക്കം (താലൂക്ക് ആശുപത്രികൾ)​

എരുമേലി, കുമരകം, വൈക്കം, പൈക (കമ്യൂണിറ്റി സെന്ററുകൾ)​

തുടങ്ങാനുള്ളത് 9

വാഴൂർ,​ പൂഞ്ഞാർ,​ അയർക്കുന്നം,​ കരൂർ,​ ഉദയനാപുരം, (പ്രൈമറി ഹെൽത്ത് സെന്ററുകൾ)​

ഇടമറുക്,​ മുണ്ടക്കയം,​ രാമപുരം,​ തോട്ടയ്ക്കാട് (കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ)​

ഗുണങ്ങൾ

വെന്റിലേറ്ററടക്കം സൗകര്യം

സ്റ്റാഫ് നഴ്ലുമാരുടെ സേവനം

ജി.പി.എസ് വഴി ട്രാക്ക് ചെയ്യാം