കോട്ടയം: മര്യാദയ്ക്ക് നടത്താനാവില്ലെങ്കിൽ അടച്ചു പൂട്ടിക്കൂടേ? കോട്ടയം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പൊതുശൗചാലയത്തിൽ കയറുന്ന ഏതൊരാളും ഇങ്ങനെ ചോദിച്ചു പോവും. ശങ്കയൊക്കെ ഞങ്ങളങ്ങു സഹിച്ചോളാം എന്ന് സഹികെട്ട് യാത്രക്കാരെക്കൊണ്ട് പറയിപ്പിക്കുകയാണ് ഇതിന്റെ നടത്തിപ്പുകാരും അവരെ അടിച്ചിറക്കാർ ഒരോ നിമിഷവും വൈകിപ്പിക്കുന്ന നാണം കെട്ട ഈ ഭരണകൂടവും
മനുഷ്യനും പ്രകൃതിക്കും ദോഷം ചെയ്യുന്ന പൊതുശൗചാലയം അടച്ചുപൂട്ടേണ്ട കാലം അതിക്രമിച്ചിട്ടും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല. പുറത്തുനിന്ന് നോക്കിയാൽ വാസ്തുഭംഗിയുള്ള കെട്ടിടം. ഒരിക്കലെങ്കിലും അകത്തു കയറിയിട്ടുള്ളവർ ശപിച്ചുകൊണ്ടേ പുറത്തിറങ്ങു. മൂക്കുപൊത്തിയാലും തുളച്ചുകയറുന്ന ദുർഗന്ധം. മുറികളിലും ഇടനാഴിയിലും മലിനജലം പരന്നൊഴുകി കാലുകുത്താനാവാത്ത അവസ്ഥ. പൈപ്പുതുറന്നാൽ കിട്ടുന്ന വെള്ളത്തിനാണെങ്കിൽ ചുവപ്പുകലർന്ന മഞ്ഞനിറവും ചെളിയുടെ ദുർഗന്ധവും. രാവും പകലും കിലോമീറ്ററുകൾ യാത്രചെയ്തെത്തുന്നവർക്ക് പ്രാഥമീകാവശ്യങ്ങൾ നിറവേറ്റാൻ ഇതല്ലാതെ മറ്റ് മാർഗങ്ങളില്ല. ശൗചാലയം ഉപയോഗിക്കുന്നവർ അടുത്ത 24 മണിക്കൂറിനകം ഏതെങ്കിലും ആശുപത്രിയിൽ ചികിത്സതേടിയില്ലെങ്കിൽ മാരകരോഗങ്ങൾക്കുവരെ അടിമകളായെന്നും വരാം. യാത്രക്കാരുടെ ഗതികേട് ചൂഷണം ചെയ്ത് പണം വാങ്ങുന്നതിനപ്പുറം യാതൊരു മാനുഷീക പരിഗണനയും ഇവിടെ നിന്ന് ആരും പ്രതീക്ഷിക്കേണ്ട.
ഇത് ശൗചാലയത്തിൽ നേരിട്ട് എത്തുന്നവരുടെ കാര്യമാണെങ്കിൽ, അങ്ങോട്ടു ചെല്ലാത്തവരേയും വെറുതെവിടില്ലെന്നതാണ് മറ്റൊരു ദുരന്തം.നഗരത്തിലെ കുന്നിൻ മുകളിലാണ് സ്ഥിതിചെയ്യുന്നതെന്നതിനാൽ ഒരിക്കലും സെപ്ടിക് ടാങ്കുകൾ വൃത്തിയാക്കാൻ നടത്തിപ്പുകാർക്ക് പണം മുടക്കേണ്ടിവന്നിട്ടില്ല. നിറയുന്നതിനനുസരിച്ച് താഴേയ്ക്ക് തുറന്നുവിടും. കക്കൂസ് മാലിന്യം ഓടയിലൂടെ ഒഴുകി കൊടുരാറ്റിലും അവിടെനിന്ന് മീനച്ചിലാറ്റിലൂടെ വേമ്പനാട്ട് കായലിലും എത്തിക്കോള്ളും. കാലങ്ങളായി നിലനിൽക്കുന്ന ആ രീതി കുറഞ്ഞത് ആഴ്ചയിൽ ഒരിക്കലെങ്കിലും തുടരുന്നുമുണ്ട്. മഴ പെയ്താലോ, മാർക്കറ്റ് റോഡിലാകെ പരന്നൊഴുകും. മനസാക്ഷിക്ക് നിരക്കാത്ത ഈ പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് നിരവധി പത്രവാർത്തകളും പരാതികളും ഉണ്ടായിട്ടുണ്ട്. എന്നാൽ നാളിതുവരെ ജില്ല ഭരണകൂടമോ, നഗരസഭയോ ചെറുവിരൽ അനക്കിയിട്ടില്ല.
കക്കൂസ് മാലിന്യത്തിൽ കാൽ കഴുകാം!
ബസ് സ്റ്റാൻഡ് കെട്ടിടത്തിനകത്ത് ജീവനക്കാർ ഉപയോഗിക്കുന്ന ശൗചാലയത്തിന്റെ കാര്യം ഇതിലും ദയനീയമാണ്. ഇതിന്റെ സെപ്റ്റിക് ടാങ്ക് പൊട്ടി യാത്രക്കാർ നടക്കുന്ന വഴികളിലൊക്കെ മലിന ജലം പരക്കുകയാണ്. സ്റ്റാൻഡിൽ "ആവശ്യത്തിലധികം' ഉള്ള കുഴികളിൽ കെട്ടിക്കിടക്കുന്ന ഈ മാലിന്യം ചുവട്ടിയാണ് യാത്രക്കാർ ബസുകൾ തേടി നടക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ 'വിശുദ്ധി"യറിയാതെ അതിൽ കാൽകഴുകി പോകുന്ന യാത്രക്കാർ പോലുമുണ്ട്!
ശൗചാലയത്തിന്റെ നടത്തിപ്പ് കരാറുകാരന്റെ ചുമതലയാണ്. ഡിപ്പോ നവീകരണം എങ്ങുമെത്താത്തതാണ് ശൗചാലയത്തിന്റെ ഗതികേടിനും കാരണം. ഡിപ്പോ പൊളിച്ചുപണിയുന്നതോടെ എല്ലാം ശരിയാകും.
-കെ. എസ്. ആർ. ടി. സി. അധികൃതർ
ഡിപ്പോ നവീകരണം
തുടങ്ങിയത്
2015 ൽ