കോട്ടയം: 54 വർഷം കെ.എം. മാണിയെ മാത്രം വിജയിപ്പിച്ച പാലായിൽ നിന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി നിയമസഭയിലെത്തുന്നത് ആരെന്ന് ഇന്നറിയാം. രാവിലെ 8ന് കാർമൽ പബ്ലിക് സ്കൂളിൽ വോട്ടെണ്ണൽ തുടങ്ങും. 176 ബൂത്തുകളിലെ 1,27,939 വോട്ടുകൾ 14 റൗണ്ടിൽ എണ്ണും. 10 മണിക്കുള്ളിൽ ഫലം അറിയാനായേക്കും. എക്സിറ്റ് പോളിൽ യു.ഡി.എഫിനാണ് മുൻതൂക്കമെങ്കിലും എൽ.ഡി.എഫും എൻ.ഡി.എയും ഇത് മുഖവിലയ്ക്കെടുക്കുന്നില്ല.
യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
ബി.ജെ.പി വോട്ടുകൾ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് മറിച്ചു കൊടുത്തിട്ടില്ലെങ്കിൽ ഇടതു സ്ഥാനാർത്ഥി മാണി സി. കാപ്പൻ വിജയിക്കുമെന്ന് സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു.
എൻ. ഹരിയിലൂടെ ബി.ജെ.പിക്ക് അഭിമാനകരമായ വിജയമുണ്ടാകുമെന്നും വോട്ട് ശതമാനം വർദ്ധിക്കുമെന്നും കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ജയസൂര്യൻ പറഞ്ഞു.