police

കോട്ടയം: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പൊലീസ് സേനയിൽ പുല്ലുവില. കോട്ടയത്ത് ഗുണ്ടാസംഘത്തിനെതിരെ പരാതി നൽകിയ വീട്ടമ്മയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി. പൂവൻതുരുത്ത് കിഴക്കേമൂല പാലാട്ടി വീട്ടിൽ പി.കെ. വർഗീസ് ആണ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.

മാരകായുധങ്ങളുമായി വീട്ടിൽ കയറി അക്രമം നടത്തിയ ഗുണ്ടാസംഘത്തിനെതിരെ നൽകിയ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് തന്റെ ഭാര്യയെ ഇൻസ്പെക്ടർ വിരട്ടി ബോധം കെടുത്തിയെന്നാണ് പ്രധാന ആരോപണം. കേസ് പിൻവലിക്കാനാവില്ല, ചാർജ് ചെയ്യണം സാറെ, എന്ന് പറഞ്ഞതാണ് ഇൻസ്പെക്ടറെ ചൊടിപ്പിച്ചത്. കഴിഞ്ഞ 16ന് വൈകിട്ട് 4 നായിരുന്നു സംഭവം. പ്രതികളുടെ മുന്നിൽവച്ചുള്ള ആക്രോശത്തിൽ ഭയന്ന് മോഹാലസ്യപ്പെട്ടുവീണ വീട്ടമ്മയെ പൊലീസ് വാഹനത്തിൽ ജില്ല ആശുപത്രിയിലും അവിടെനിന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ച് അടിയന്തര ചികിൽസ നൽകിയാണ് രക്ഷപ്പെടുത്തിയത്. ജില്ല ആശുപത്രിയിലെ പരിശോധനയിൽ ശരീരത്തിന്റെ ഇടതുവശം തളർന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചത്. രണ്ടുദിവസത്തെ തീവ്രപരിചരണത്തിന് ശേഷം ആരോഗ്യസ്ഥിതി വീണ്ടെടുത്ത ഇവരിപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്.

തമിഴ്നാട് സർക്കാർ സർവീസിൽ നിന്ന് വിരമിച്ചശേഷം ഗൃഹോപകരണങ്ങളുടെ പെയിന്റിംഗ്, പോളിഷിംഗ് ജോലികൾ ചെയ്യുന്ന ആളാണ് പരാതിക്കാരൻ. അയൽവാസിയായ കാട്ടാമ്പാക്ക് സണ്ണിയുടെ വീട്ടിലെ ഫർണിച്ചർ പൊളീഷ് ചെയ്തുനൽകിയ ഇനത്തിൽ പണിക്കൂലിയായി കിട്ടാനുള്ള 650 രൂപ ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പണിക്കൂലിക്ക് പകരം കമ്പിവടികൊണ്ടുള്ള ആക്രമണമാണ് നേരിടേണ്ടിവന്നത്. വീട്ടിൽ ഓടിക്കയറി കതകടച്ചതുകൊണ്ടുമാത്രമാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. അന്നുരാത്രി 10ന് ശേഷം സണ്ണിയുടെ മകൻ റോബിൻ, സുഹൃത്ത് സിജൊ എന്നിവരുൾപ്പെട്ട സംഘം വർഗീസിന്റെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രമിച്ചു. വളർത്തുനായയെ അഴിച്ചുവിട്ടാണ് അക്രമികളെ തുരത്തിയത്. രാത്രിയിൽ പൊലീസിനെ വിളിച്ചുവരുത്തി അക്രമികളിൽ നിന്ന് സംരക്ഷണം തേടുകയും ചെയ്തു. അടുത്തദിവസം സ്റ്റേഷനിൽ നേരിട്ട് പരാതി നൽകി. ഇതിൽ തീർപ്പുണ്ടാക്കാൻ എന്നുപറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇൻസ്പെക്ടർ ഭീഷണിപ്പെടുത്തിയെന്നും പ്രതികൾക്ക് കൂട്ടുനിൽക്കുന്ന പൊലീസിന്റെ സമീപനം തങ്ങളുടെ ജീവന് ഭീഷണിയാണെന്നും വർഗീസ് പരാതിയിൽ പറയുന്നു.