കുറവിലങ്ങാട് : പ്രദേശത്തെ പരമ്പരാഗത ജലസ്രോതസായ വെമ്പള്ളി തോട് മാലിന്യക്കൂമ്പാരമായി. ചാക്കുകളിലും കവറുകളിലും നിറച്ച മാലിന്യങ്ങളാണ് രാത്രികാലങ്ങളിൽ തോട്ടിൽ തള്ളുന്നത്. ഇതിന് പുറമെ മദ്യക്കുപ്പികളും തോട്ടിൽ നിക്ഷേപിക്കുന്നുണ്ട്. ഇരുവശങ്ങളിലും വളർന്നു നിൽക്കുന്ന കാടുകൾ തോട്ടിലേക്ക് ചാഞ്ഞു കിടക്കുകയാണ്. ഇത് മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതിനും ഇടയാക്കുന്നു. കനത്ത മഴയിൽ വിവിധയിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
കൃഷി പ്രതിസന്ധിയിൽ
തോടിന് സമീപം നിരവധി കൃഷിയിടങ്ങളുണ്ട്. ഭൂരിഭാഗം കർഷകരും തോട്ടിലെ വെള്ളമാണ് കൃഷിക്കായി എടുക്കുന്നത്. തോട് മലിനമായതോടെ കർഷകർ ബുദ്ധിമുട്ടിലായി. മഴക്കാലത്തിന് മുമ്പായി പഞ്ചായത്തിന്റെ നേതൃത്വത്തിന്റെ തോട് വൃത്തിയാക്കിയിരുന്നു. ദിവസങ്ങൾക്കുള്ളിൽ വീണ്ടും തോട് മലിനമായി. ശക്തമായ നടപടി സ്വീകരിക്കണമന്നാണ് നാട്ടുകാരുടെ ആവശ്യം.
കൃഷിയാവശ്യത്തിനായി തോട്ടിലെ വെള്ളം എടുക്കാനാകുന്നില്ല. കനത്ത ചൂടിൽ കൃഷിയിടങ്ങൾ കരിയുകയാണ്. തോട്ടിലെ മാലിന്യനിക്ഷേപം തടഞ്ഞ് കർഷകരെ രക്ഷിക്കണം
രാജൻ, പ്രദേശവാസി
മാലിന്യം തള്ളുന്നത് രാത്രികാലങ്ങളിൽ
തോട് വൃത്തിയാക്കിയിട്ടും ഫലമില്ല
മദ്യക്കുപ്പികളും നിക്ഷേപിക്കുന്നു