ഏഴാച്ചേരി : നവരാത്രിയോടനുബന്ധിച്ച് ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി നടക്കുന്ന അനുഷ്ഠാനമായ തൂലികാ പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഗ്രന്ഥപൂജ നടത്തുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സരസ്വതീ മണ്ഡപത്തിൽ വിശേഷാൽ പൂജ നടത്തിയ പേനകൾ സൗജന്യമായി പ്രസാദമായി വിതരണം ചെയ്യുന്ന വഴിപാടാണ് തൂലികാ പൂജ. ഉമാമഹേശ്വരന്മാർക്ക് അഭിമുഖമായി വലിയമ്പലത്തിൽ പ്രത്യേകം സരസ്വതീ മണ്ഡപം തീർത്താണ് ഗ്രന്ഥപൂജയും തൂലികാ പൂജയും നടക്കുന്നത്.മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.
തൂലികാ പൂജയിൽ പങ്കെടുക്കാൻ ദൂരെ ദിക്കുകളിൽ നിന്നും കാവിൻപുറം ക്ഷേത്രത്തിൽ വിദ്യാർത്ഥികൾ എത്താറുണ്ട്. വിജയദശമി നാളിൽ വിദ്യാരംഭത്തിനു ശേഷം തൂലികാ പൂജ സമർപ്പിച്ച് പൂജിച്ച പേനകൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യും. പ്രായഭേദമെന്യേ ഭക്തർ പാരമ്പര്യ രീതിയിൽ മണലിൽ ഹരി: ശ്രീ കുറിക്കുന്ന വഴിപാടും ക്ഷേത്രത്തിലുണ്ട്. ഉദ്യോഗസ്ഥർ, തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങിയവർ മണലിൽ ഹരി: ശ്രീ കുറിക്കാൻ ഇവിടെയെത്തുന്നു. വിദ്യാരംഭത്തിനു ശേഷമാണ് പാരമ്പര്യ രീതിയിലുള്ള മണലിലെഴുത്ത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തുമ്പയിൽ രാമകൃഷ്ണൻ നായരാണ് തൂലികാ പൂജയ്ക്കുള്ള പേനകൾ വഴിപാടായി സമർപ്പിക്കുന്നത്.
ഇത്തവണത്തെ തൂലികാ സമർപ്പണം ഞായറാഴ്ച രാവിലെ 8.15ന് ക്ഷേത്രസന്നിധിയിൽ നടക്കും. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മേൽശാന്തി മുളവേലിപ്പുറം ഹരി നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുക്കും. കാവിൻ പുറം ദേവസ്വം പ്രസിഡന്റ് ടി.എൻ. സുകുമാരൻ നായർ അദ്ധ്യക്ഷത വഹിക്കും. തൂലികാ പൂജ വഴിപാട് മുൻകൂട്ടി ബുക്ക് ചെയ്യാം ഫോൺ : 9745260444.