പൊൻകുന്നം : കാലാവസ്ഥാ സമരത്തിന് ലോകത്തിൽ നേതൃത്വം നൽകുന്ന സ്വീഡനിലെ പതിനാറ് വയസ് മാത്രം പ്രായമുള്ള ഗ്രേറ്റതുൻ ബർഗ് എന്ന പെൺകുട്ടിക്ക് പിന്തുണയുമായി അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കമുള്ളവർ വൃക്ഷ മംഗല്യം നടന്ന ആലിന്റെയും മാവിന്റെയും ചുവട്ടിൽ ഒത്തുചേർന്നു. ചിറക്കടവ് വെള്ളാള മഹാസമാജം യു.പി. സ്‌കൂളിലാണ് ഗ്രേറ്റയ്ക്കു പിന്തുണയുമായി പരിസ്ഥിതി ഐക്യദാർഢ്യയോഗവും വൃക്ഷത്തൈനടീലും നടന്നത്. വനംവന്യജീവി ബോർഡംഗവും വൃക്ഷവൈദ്യനുമായ കെ. ബിനു യോഗം ഉദ്ഘാടനം ചെയ്യുകയും വൃക്ഷത്തൈക്ക് ഗ്രേറ്റതുൻ ബർഗ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു.
2018 മുതൽ 56 വെള്ളിയാഴ്ചകളിൽ ഗ്രേറ്റയെന്ന കൊച്ചുമിടുക്കി നടത്തി വന്ന സമരം യു.എൻ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിന്റെ ഓർമ്മയ്ക്കായാണ് അവളുടെ പേരിൽ വൃക്ഷത്തൈ നട്ടത്. സ്‌കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ മാനേജർ സുമേഷ് ശങ്കർ പുഴയനാൽ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക എം.ജി. സീന, ഗ്രേറ്റയുടെ നാമത്തിലുള്ള പ്ലാവ് നട്ടു. വൃക്ഷവൈദ്യൻ കെ. ബിനു, ഡോക്യുമെന്ററി സംവിധായകൻ എൽദോ ജേക്കബ്, വൃക്ഷ പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോഓർഡിനേറ്റർ എസ്. ബിജു എന്നിവർക്ക് സ്‌കൂൾ വികസന സമിതി ചെയർമാൻ ടി.പി. രവീന്ദ്രൻ പിള്ള ഉപഹാരങ്ങൾ നൽകി. വൃക്ഷ വൈദ്യൻ ഡോക്കുമെന്ററി സംവിധായകൻ എൽദോ ജേക്കബ് ഗാന്ധിജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി.എസ്. പ്രേംകുമാർ, വി.എസ്. വിനോദ്കുമാർ, ബി. ശ്രീരാജ്, പി.എൻ. സിജു, വി.എൻ. ഹരികൃഷ്ണൻ, ബി. ആതിര, സാന്ദ്രാ സോമൻ, എസ്. ശ്രീകല, ശരൺ ചന്ദ്രൻ, സ്‌കൂൾ ലീഡർ ശ്യാം ശരൺ എന്നിവർ സംസാരിച്ചു.