മുണ്ടക്കയം : ആദ്യകാല നാടക പ്രസ്ഥാനം കേരളത്തിനു നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്‌സണും സിനിമാതാരവുമായ കെ.പി.എ.സി ലളിത പറഞ്ഞു. സംഗീത നാടക അക്കാഡമിയും ജില്ലാ പഞ്ചായത്തും ചേർന്ന് നടത്തുന്ന തിലകൻ സ്മാരക നാടകോത്സവത്തിന്റെ മൂന്നാം ദിനത്തിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയയായിരുന്നു അവർ. ഒരു കാലത്ത് നാടകത്തിനും നാടകകലാകാരൻമാർക്കും നാട്ടിലാകെ അയിത്തം കൽപ്പിച്ചിരുന്നുവെങ്കിലും പിന്നീട് സ്ഥിതി മാറി. ലോക സിനിമയ്ക്കായി നാടക ലോകം നൽകിയ സംഭാവന ഒരിക്കലും മറക്കാനാവില്ല. നാട്ടിലെ അസ്ഥിരതയ്ക്കും അജീർണതയ്ക്കും അയിത്തത്തിനുമെതിരെ പുത്തൻ ആശയങ്ങളുമായി രംഗത്തുവന്നത് ഇടതുപക്ഷം മാത്രമാണെന്നും അവർ പറഞ്ഞു. സാംസ്കാരിക കൂട്ടായ്മയിൽ നാടകവും കേരളത്തിന്റെ സാംസ്കാരിക മുന്നേറ്റവും എന്ന വിഷയത്തിൽ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ പ്രഭാഷണം നടത്തി. സതി അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ്, സി.വി. അനിൽകുമാർ, കെ.എൻ.സോമരാജൻ, ബിനോ ജോസഫ് എന്നിവർ സംസാരിച്ചു. കായംകുളം കെ.പി.എ.സിയുടെ മുടിയനായ പുത്രൻ എന്ന നാടകവും അവതരിപ്പിച്ചു.
ഇന്ന് വൈകിട്ട് 5 ന് നടക്കുന്ന സാംസ്‌കാരിക കൂട്ടായ്മയിൽ എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗവും സാഹിത്യകാരനുമായ പി.കെ .ഹരികുമാർ പ്രഭാഷണം നടത്തും. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മ നാടകം അരങ്ങേറും.