കോട്ടയം : പിറവം പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ശ്രമത്തിൽ പ്രതിഷേധിച്ച് മണർകാട്ടും കോട്ടയത്തും കഞ്ഞിക്കുഴിയിലും യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം. ദേവലോകം അരമനയിലേയ്‌ക്ക് നടത്തിയ പ്രകടനങ്ങൾ മണർകാട് ഐരാറ്റുനടയിലും കഞ്ഞിക്കുഴിയിലും പൊലീസ് തടഞ്ഞു. മണർകാട് നേരിയ സംഘർഷമുണ്ടായി.
ഇന്നലെ വൈകിട്ട് ആറു മണിയോടെ മണർകാട് സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ കൂട്ടമണിയടിച്ച് വിശ്വാസികളെ വിളിച്ചു കൂട്ടുകയായിരുന്നു. സന്ധ്യാപ്രാർത്ഥനയ്‌ക്ക് ശേഷം അഞ്ഞൂറോളം വരുന്ന വിശ്വാസികൾ പള്ളിയിൽ നിന്നു പുറപ്പെട്ടു. ഓർത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ കഞ്ഞിക്കുഴി ദേവലോകത്ത് എത്തി പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു വിശ്വാസികളുടെ ലക്ഷ്യം. എന്നാൽ, മണർകാട് ഐരാറ്റുനടയിൽ ആറരയോടെ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. ഒരു മണിക്കൂറോളം ഐരാറ്റുനടയിൽ വാഹനങ്ങൾ തടഞ്ഞതോടെ കെ.കെ റോഡിൽ ഗതാഗതം തടസപ്പെട്ടു. കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, ആൻഡ്രൂസ് കോർ എപ്പിസ്‌കോപ്പ ചിരവത്തറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം.