jose-and-joseph

കോട്ടയം: 54 വ‌ർഷം കെ.എം. മാണി കാത്തുസൂക്ഷിച്ച പാലായുടെ പുതിയ മാ​ണിക്യമായ മാണി സി. ​കാ​പ്പന് അട്ടിമറി ജയം നൽകിയത് പാലംവലിയും രാഷ്ട്രീയ അടിയൊഴുക്കുകളും. യു.ഡി.എഫിനെ ജയിപ്പിക്കാൻ ബി.ജെ.പി വോട്ടുകച്ചവടം നടത്തിയെന്ന് വോട്ടെടുപ്പിനു മുമ്പേ ആരോപണമുയർന്നെങ്കിലും വോട്ടെണ്ണി കഴിഞ്ഞപ്പോൾ എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെയും ജനപക്ഷത്തിന്റെയും വോട്ടുകൾ മറിഞ്ഞത് ഇടതു പക്ഷത്തേക്കാണ്. മാണി സി. കാപ്പനും പി.സി. ജോർജും ഇതു സ്ഥിരീകരിച്ചു.

കോൺഗ്രസിന് ഏറെ വേരോട്ടമുള്ളതും പരമ്പരാഗതമായി യു.ഡി.എഫിനെ പിന്തുണയ്ക്കുന്നതുമായ പഞ്ചായത്തുകളിൽ ഭൂരിപക്ഷം കാപ്പനാണെന്നതാണ് ഏറ്റവും സവിശേഷത. ഈഴവ വോട്ടുകൾ ഇടതുമുന്നണിക്കെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാാപ്പള്ളി നടേശൻ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു. ഈഴവ മേഖലകളിൽ കാപ്പൻ മുന്നിലെത്തുകയും ചെയ്തു.

പി.ജെ. ജോസഫിന് കാര്യമായ വോട്ടുകൾ പാലായിൽ ഇല്ലെങ്കിലും കാപ്പന്റെ 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പിന്നിൽ ജോസഫ് വിഭാഗത്തിന്റെ 'സംഭാവന'യുമുണ്ടെന്നാണ് ജോസഫ് പക്ഷത്തെ മുതിർന്ന നേതാവ് പ്രതികരിച്ചത്.

കെ.എം. മാണിയുടെ നിര്യാണത്തിലുള്ള സഹതാപ തരംഗത്തിന് പകരം മൂന്നു തവണ മാണിയോട് തോറ്റ കാപ്പനോടുള്ള സഹതാപമാണ് വോട്ടായതെന്നും പറയാം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 33472 വോട്ടുകളുടെ ഭൂരിപക്ഷം യു.ഡി.എഫിന് ലഭിച്ചിടത്ത് നാല് മാസത്തിനു ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ മൂവായിരത്തോളം വോട്ടിന്റെ ലീഡ് നേടിയെടുത്തത് മുഖ്യമന്ത്രിയും കോടിയേരിയുമടക്കം ദിവസങ്ങളോളം മണ്ഡലത്തിൽ തങ്ങി നടത്തിയ പ്രവർത്തനത്തിന്റെയും ഫലമാണ്.

യു.ഡി.എഫിന്റെ പ്രതീക്ഷയായിരുന്ന മാണി സഹതാപ തരംഗവും ശബരിമലയും ഭരണ വിരുദ്ധവികാരവും ബാധിക്കാതിരിക്കാൻ പാലാരിവട്ടം അഴിമതി പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിൽ മുഖ്യമന്ത്രി തന്നെ എടുത്തിട്ടു. ഇതിൽ മറു തന്ത്രങ്ങളെല്ലാം പിന്നിലായെന്നു വേണം കരുതാൻ. വി.എൻ. വാസവന്റെ നേതൃത്വത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങൾ മൂന്നാഴ്ച പാലായുടെ മുക്കും മൂലയും അരിച്ചുപെറുക്കി വോട്ടു പിടിച്ചതും ഗുണം ചെയ്തു.

കൂക്കിവിളിച്ചപ്പോൾ

ഓർത്തില്ല...

കേരള കോൺഗ്രസ് തമ്മിലടിയിൽ മനസുമടുത്ത പാർട്ടി അനുഭാവികളുടെയും കോൺഗ്രസുകാരുടെയും വോട്ടും കാപ്പന് കിട്ടി. ജോസ് കെ. മാണിയുടെ അനുയായികൾ ആദ്യ പ്രചാരണ യോഗത്തിൽ തന്നെ ജോസഫിനെ പരസ്യമായി കൂക്കിവിളിച്ചത് ജോസിനു തന്നെ പാരയായി. കൂക്കിവിളിയിൽ മനം നൊന്ത പി.ജെ. ജോസഫ് പ്രചാരണത്തിൽ നിന്ന് വിട്ടു നിന്നതും വോട്ടർമാരെ സ്വാധീനിച്ചു. പാർട്ടി ചിഹ്നമായ രണ്ടില ജോസ് ടോമിന് കിട്ടാത്തതാണ് തിരിഞ്ഞു കുത്തിയ മറ്റൊരു ഘടകം. വോട്ടിംഗ് യന്ത്രത്തിൽ ആദ്യ പേരുകാരനായിരുന്നു കാപ്പൻ. അതേസമയം, ജോസ് ടോം കൈതച്ചക്കയുമായി 11 സ്വതന്ത്രന്മാരുടെ ഇടയിൽ പട്ടികയിൽ ഏഴാമതായിരുന്നു.