mani-c-kappan-

കളമറിഞ്ഞ് കളിക്കും, മിടുക്കനായ വോളിബാൾ താരം. എതിരാളി ഒന്നു പതറുമ്പോൾ സ്മാഷുകളുതിർത്ത് വിജയം കൊയ്യുക- അതാണ് തന്ത്രം. പാലായുടെ രാഷ്ട്രീയ കോർട്ടിൽ പഴയ വോളിബാൾ താരത്തിന്റെ മെയ് വഴത്തോടെയാണ് കാപ്പൻ കളിക്കാനിറങ്ങിയത്. അവസരത്തിനൊത്ത് ചടുലമായി മുന്നേറിയപ്പോൾ എതിരാളി തരിപ്പണം.
വോളിബോൾ താരത്തിന്റെ സ്ഥിരോത്സാഹവും കാലാകാരന്റെ നാട്യബോധവും​ രാഷ്ട്രീയക്കാരന്റെ കൗശലവും കർഷകന്റെ ആർദ്രതയും മാണി സി.കാപ്പൻ നന്നായി വിനിയോഗിച്ചു. പ്രചരണത്തിലുടനീളം നേടിയ മേൽക്കൈ കാപ്പന് ഫലപ്രഖ്യാപന സമയത്തും നിലനിർത്തനായി. യു.ഡി.എഫിന്റെ കോട്ടകൊത്തളങ്ങൾ കാപ്പൻ തച്ചുതകർത്തു.

സ്വാതന്ത്ര്യസമര സേനാനിയും മുൻ കോൺഗ്രസ് എം.പി.യും പാലാ നഗരസഭാ മുൻ ചെയർമാനുമായിരുന്ന ചെറിയാൻ ജെ. കാപ്പൻ, ത്ര്യേസ്യാമ്മ ദമ്പതികളുടെ പുത്രനായി 1956-ൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം പാലാ സെന്റ്. മേരീസ് എൽ.പി സ്കൂളിൽ. സെന്റ് തോമസ് ഹൈസ്‌കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മടപ്പള്ളി ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ തുടർ വിദ്യാഭ്യാസം.

പാലായിലെ റബർ തോട്ടങ്ങളിൽ ചെത്തിമിനുക്കിയെടുത്ത വോളിബാൾ കോർട്ടിൽ നിന്ന് യൂണിവേഴ്സിറ്റി താരമായുള്ള കാപ്പന്റെ വളർച്ച പെട്ടെന്നായിരുന്നു. കാലിക്കട്ട് യൂണിവേഴ്‌സിറ്റി ടീം ക്യാപ്റ്റനായിരുന്ന കാപ്പൻ മൂന്നുവർഷം കേരളാ ടീമിനുവേണ്ടി കളിച്ചു. വൈകാതെ ദേശീയ ടീമിൽ. 1977 കാലത്ത് കേരള സ്‌റ്റേറ്റ് ഇലക്ട്രിസിറ്റിബോർഡ് താരം. 1978ൽ യു.എ.ഇ.യിലെ അബുദാബി സ്‌പോർട്‌സ് ക്ലബിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. മിന്നും താരങ്ങളായിരുന്ന ജിമ്മി ജോർജ്, അബ്ദുൾ ബാസിദ്, സുരേഷ്‌മിത്ര, ബ്ലസൻ ജോർജ് തുടങ്ങിയവർക്കൊപ്പമായിരുന്നു കളി. തിരികെ കേരളത്തിലെത്തി കാർഷികരംഗത്ത് സജീവമാകുന്നതിനിടെ സിനിമയിൽ ഭാഗ്യപരീക്ഷണം.

1993- ൽ മേലേപറമ്പിൽ ആൺവീട് എന്ന സൂപ്പർഹിറ്റ് ചിത്രം നിർമിച്ചു. തുടർന്ന് പന്ത്രണ്ടോളം ചിത്രങ്ങളുടെ നിർമ്മാതാവായി. സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ്... കാപ്പന് എല്ലാ കുപ്പായവും ഇണങ്ങി. മലയാളം, തമിഴ്, തെലുങ്ക്, അസമീസ് തുടങ്ങിയ ഭാഷകളിലായി 25ലേറെ ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചു.

2000 മുതൽ 2005 വരെ പാലാ ടൗൺ വാർഡിൽ മുനിസിപ്പൽ കൗൺസിലർ. കോക്കനട്ട് ഡവലപ്‌മെന്റ് ബോർഡ് ദേശീയ വൈസ് ചെയർമാൻ, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മാനേജിംഗ് കമ്മിറ്റി അംഗം, മീനച്ചിൽ ഫൈൻ ആർട്‌സ് സൊെസെറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. എൻ.സി.പിയുടെ ദേശീയ വർക്കിംഗ് കമ്മിറ്റിയംഗമാണ്. മേഘാലയയിൽ മഞ്ഞളിന്റെയും കൂവയുടെയും കൃഷിയും സംസ്കരണവും വിപണനവുമാണ് നടപ്പു ബിസിനസ്. ചങ്ങനാശേരി പാലത്തിങ്കൽ കുടുംബാംഗമായ ആലീസാണ് ഭാര്യ. മക്കൾ: ചെറിയാൻ, ടീന, ദീപ.

മൂന്നു വട്ടം പിഴച്ചു,

നാലാമത് ജയിച്ചു

മൂന്നു തവണ കെ.എം.മാണിയെ വിറപ്പിച്ചു, മാണി സി.കാപ്പൻ. 2001 ൽ ഉഴവൂർ വിജയനെതിരെ 22,301 വോട്ടിന്റെ ഭൂരിപക്ഷം കെ.എം.മാണിക്കുണ്ടായിരുന്നെങ്കിൽ 2006-ൽ പാലായിലെ ആദ്യ മത്സരത്തിൽ അത് 7590- ലേക്ക് കുറയ്ക്കാൻ കാപ്പനു കഴിഞ്ഞു, 2011ൽ 5259- ഉം 2016-ൽ 4703- ഉം വോട്ടായി മാണിയുടെ ഭൂരിപക്ഷം കുറഞ്ഞു. മാണിയുടെ ഭൂരിപക്ഷം കുറച്ചതുകൊണ്ട് കാര്യങ്ങൾ ഈസിയാകുമെന്ന ആത്മവിശ്വാസത്തിന് വോട്ടർമാർ ഇത്തവണ കൊടുത്തു, ഒരു കുതിരപ്പൻ!