കോട്ടയം : പാലാക്കാരുടെ മനസ് കണ്ടെത്താനുള്ള കെ.എം. മാണിയുടെ കഴിവും രാഷ്ടീയ തന്ത്രജ്ഞതയും ദീർഘവീക്ഷണവും ഇല്ലാതെ പോയതാണ് യു.ഡി.എഫിന് പാലാ നഷ്ടമാകാാൻ കാരണമായത്.
54 വർഷം പാലാ കൈവെള്ളയിൽ സൂക്ഷിച്ച കെ.എം. മാണിക്ക് ഓരോ പാലാക്കാരന്റെയും മനസ് മാറുന്നത് കൃത്യമായി മനസിലാക്കാൻ കഴിവുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ഓരോ പഞ്ചായത്ത്, ബൂത്തു തലങ്ങളിൽ നടക്കുന്ന അടിയൊഴുക്കുകൾ പ്രവചിച്ച് അതിനനുസരിച്ച് മറു തന്ത്രമൊരുക്കിയായിരുന്നു പാലായിൽ ജയിച്ചത്.
എല്ലാം ഭദ്രം, വൻ ഭൂരിപക്ഷത്തിന് ജയിക്കുമെന്നു പറയുന്ന പ്രാദേശിക നേതാവിന്റെ മുന്നിൽ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും നന്നായി പ്രവർത്തിക്കാത്ത ആളുടെ പേര് പറഞ്ഞ് കൈകാര്യം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുമായിരുന്നു മാണി. തിരഞ്ഞെടുപ്പിന് മുമ്പ് അവിടെ മിന്നൽ സന്ദർശനം നടത്തി ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കുകയും ചെയ്യും. ഈ മാണിമാജിക്ക് കൊണ്ടായിരുന്നു കഴിഞ്ഞ മൂന്നു തവണ മാണി സി. കാപ്പൻ ഭൂരിപക്ഷം താഴ്ത്തിയിട്ടും തോൽക്കാതിരിക്കാൻ കാരണം. പിൻമുറക്കാർക്ക് ഇത് ഇല്ലാതെ പോയി.
ശത്രുപക്ഷത്തുള്ളവരെയും വിമർശിക്കുന്നവരെയും മാണി തെരഞ്ഞുപിടിച്ച് കൂടെ നിർത്തും മരണം വരെ പി.ജെ.ജോസഫിനെ വിടാതെ ഒപ്പം നിറുത്തിയത് അങ്ങനെയായിരുന്നു. ആ മെയ് വഴക്കം ഇല്ലാത്ത പിൻമുറക്കാർ പ്രതിച്ഛായയിലെ ലേഖനം വഴി പി.ജെ.ജോസഫിനെ പരിഹസിച്ചു. യു.ഡി.എഫ് കൺവെൻഷനിൽ കൂക്കി വിളിച്ച് അപമാനിച്ച് പ്രചാരണത്തിൽ നിന്നകറ്റി. സി.എഫ്.തോമസ്, ജോയ് എബ്രഹാം തുടങ്ങി മാണിയുടെ ഇടവും വലവും നിന്നവരെ അകറ്റി ജോസഫിന്റെ കൂടാരത്തിലെത്തിച്ചു. ഇതിനെല്ലാം വലിയ വില നൽകേണ്ടിവന്നുവെന്നാണ് മാണി സി. കാപ്പന്റെ ജയം തെളിയിക്കുന്നത്.
മണ്ഡലത്തിലെ അടിയൊഴുക്കുകൾ തിരിച്ചറിയാൻ കഴിഞ്ഞില്ല. കാര്യസാദ്ധ്യത്തിന് ഒപ്പം കൂടിയ ഉപദേശക വൃന്ദം പറയുന്നത് വിശ്വസിച്ചു. 15000 മുതൽ 20000 വോട്ടു വരെ ഭൂരിപക്ഷം കിട്ടുമെന്ന ആത്മ വിശ്വാസത്തോടെ വിലയിരുത്തി വിജയാഹ്ലാദ പ്രകടനത്തിന് എല്ലാ ഒരുക്കങ്ങളും നടത്തി നിയുക്ത എം.എൽ.എ എന്ന പോസ്റ്റർ വരെ അടിപ്പിച്ചതിനിടയിലാണ് 2947 വോട്ടിന് കാപ്പൻ ജയിക്കുന്നത്.
.