pala-byelection-

പാലാ: പിണറായി സർക്കാരിന്റെ രാഷ്ട്രീയ അന്തസ് ഉയർത്തിയും , 54 വർഷമായി കെ.എം മാണി മാത്രം ജയിച്ചിരുന്ന പാലാ മണ്ഡലത്തിന്റെ ജാതകം തിരുത്തിക്കുറിച്ചും മാണി സി.കാപ്പൻ വിജയ കിരീടം ചൂടി.യു.ഡി.എഫിലെ ജോസ് ടോമിനെതിരെ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ പാലാ ഉപതിരഞ്ഞെടുപ്പിൽ നേടിയ അട്ടിമറി വിജയം വലതുമുന്നണിക്ക് കനത്ത വെെദ്യുത പ്രഹരമായി . ബി.ജെ.പിയിലെ എൻ.ഹരി വളരെ പിന്നിലായി മൂന്നാം സ്ഥാനത്തെത്തി.

തുടർച്ചയായി മൂന്ന് തവണ കെ.എം.മാണിയോട് പരാജയപ്പെട്ട മാണി സി.കാപ്പന് ഇത്തവണത്തെ വിജയത്തിലൂടെ പാലായിലെ ആദ്യ കേരളാകോൺഗ്രസ് ഇതര എം.എൽ.എ ആകാനുമായി.മാണി സി. കാപ്പന് 54,​137 വോട്ടുകളും ജോസ് ടോമിന് 51,​194 വോട്ടുകളും ലഭിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ എൻ.ഹരിക്ക് 18,​044 വോട്ടുകളെ നേടാനായുള്ളൂ.2016ൽ നടന്ന കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് 6,​777 വോട്ടുകൾ ബി.ജെ.പിക്ക് കുറവ്.2016ൽ ഹരി മത്സരിച്ചപ്പോൾ 24821 വോട്ട് ലഭിച്ചിരുന്നു.

യു.ഡി.എഫിന് നിർണായക സ്വാധീനമുള്ള പഞ്ചായത്തുകളിൽ പോലും കാപ്പന്റെ തേരോട്ടമായിരുന്നു. തുടക്കത്തിൽ നേടിയ ലീഡ് ആദ്യാവസാനം നിലനിറുത്താനും കാപ്പനായി. 12 പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾക്കൊള്ളുന്ന പാലായിൽ യു.ഡി.എഫ് കോട്ടകളെ വിറപ്പിച്ചുകൊണ്ട് 9 പഞ്ചായത്തിലും പാലാ നഗരസഭയിലും മുന്നിലെത്താൻ എൽ.ഡി.എഫിനായി. യു.ഡി.എഫ് ഭരിക്കുന്ന 6 പഞ്ചായത്തുകൾ ഉൾപ്പെടെയാണിത്. യു.ഡി.എഫിന്റെ ലീഡ് മൂന്ന് പഞ്ചായത്തുകളിൽ ഒതുങ്ങി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും കേരളാകോൺഗ്രസിലെ തോമസ് ചാഴികാടൻ ലീഡ് ചെയ്തിരുന്ന സ്ഥാനത്താണ് ഈ അട്ടിമറി.

കാപ്പനെ ജയിപ്പിച്ച ഘ‌ടകങ്ങൾ

കേരളാ കോൺഗ്രസിലെ പടലപ്പിണക്കം

 എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിരഹിത പ്രതിച്ഛായ

ഒന്നര വർഷത്തേക്കെങ്കിലും ജയിപ്പിക്കണേയെന്ന അഭ്യർത്ഥന 3 തവണ തോറ്റ കാപ്പന് അനുകൂലമായി സ‌ൃഷ്ടിച്ച സഹതാപം

കാപ്പന്റെ ചിഹ്നമായ ഘടികാരം വോട്ടിംഗ് യന്ത്രത്തിലെ ആദ്യ ചിഹ്നമായത്. ജോസ് ടോമിന്റെ ചിഹ്നമായ പെെനാപ്പിൾ സ്വതന്ത്രന്മാരുടെ ഇടയിൽ ഏഴാമത്തേതായി.

വെള്ളാപ്പള്ളി നടേശന്റെ പിന്തുണയിൽ ലഭിച്ച സമുദായ വോട്ടുകൾ

 ബി.ഡി.ജെ.എസ്സിന്റെ പരോക്ഷ പിന്തുണ

 പി.സി. ജോർജ്ജിന്റെ ജനപക്ഷം നൽകിയ പിന്തുണയിൽ അവർക്ക് സ്വാധീനമുള്ള പഞ്ചായത്തുകളിൽ നേട്ടം

 കോൺഗ്രസ് പ്രവർത്തകർ പ്രചാരണത്തിൽ കാണിച്ച നിരുത്സാഹം

2016 ൽ 5 സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് 982 വോട്ട്,​

ഇക്കുറി 10 സ്വതന്ത്രർ പങ്കിട്ടത് 3845 വോട്ട്

മൂന്ന് മുന്നണികളുടെയും വോട്ടിൽ കുറവ്

 ജോസ് കെ.മാണി വോട്ട് ചെയ്ത ബൂത്തിൽ ജോസ് ടോമിന് കാപ്പനേക്കാൾ 10 വോട്ട് കുറവ്

 2016നേക്കാൾ പോളിംഗ് ശതമാനം കുറഞ്ഞതോടെ മൂന്ന് മുന്നണികളുടെയും വോട്ടിൽ കുറവ്

 എൽ.ഡി.എഫിന് കുറഞ്ഞത് 44 വോട്ട്,​ യു.ഡി.എഫിന് 7690 വോട്ട്,​ ബി.ജെ.പിക്ക് 6,​777 വോട്ട്.