കോട്ടയം : മദ്യലഹരിയിൽ വീടിനു മുന്നിലെ മരക്കൊമ്പിൽ കയറി മൂലവട്ടം മുപ്പായിക്കാട് സ്വദേശി അഭിലാഷിന്റെ ആത്മഹത്യാ ഭീഷണി. മുപ്പായിക്കാട് ഭാഗത്ത് റെയിൽവേ ട്രാക്കിനു സമീപം ഇന്നലെ ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഭാര്യയുമായി വഴക്കിട്ട് വീട്ടിൽ നിന്നു ഇറങ്ങിപ്പോയ അഭിലാഷ് ഇന്നലെ ഉച്ചയോടെയാണ് തിരിച്ചെത്തിയത്. വീട്ടിൽ എത്തിയപ്പോൾ ആരും ഉണ്ടായിരുന്നില്ല. മദ്യലഹരിയിലായിരുന്ന ഇയാൾ ഇതോടെ ക്ഷുഭിതനായി. തുട‌ർന്ന് വീടിനു മുന്നിലിരുന്ന ഏണിയെടുത്ത് മരത്തിന് മുകളിൽ കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ വിവരം പൊലീസിലും അഗ്നിരക്ഷാസേനാ അധികൃതരെയും അറിയിച്ചു. ഇവർ അഭിലാഷുമായി ചർച്ച നടത്തി. ഇതോടെയാണ് ഇയാൾ മരത്തിൽ നിന്നു ഇറങ്ങാമെന്ന് സമ്മതിച്ചത്. തുടർന്ന് ഭാര്യയെയും വിളിച്ചു വരുത്തി. ജനറൽ ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം ഇയാളെ വിട്ടയച്ചു.