അരീക്കര : എസ്.എൻ.ഡി.പി യോഗം അരീക്കര 157-ാം നമ്പർ ശാഖയുടെ കീഴിലുള്ള ശ്രീനാരായണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 14-ാമത് ദേവീ ഭാഗവത നവാഹയജ്ഞവും നവരാത്രി മഹോത്സവവും ഇന്ന് മുതൽ ഒക്ടോബർ എട്ട് വരെ നടക്കും. ഇന്ന് വൈകിട്ട് 6.30 ന് നടക്കുന്ന ഉദ്ഘാടന യോഗത്തിൽ ശാഖാ പ്രസിഡന്റ് എം.എം ഷാജി അദ്ധ്യക്ഷത വഹിക്കും. അഡ്വ.മോൻസ്‌ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യജ്ഞാചാര്യൻ ഭാഗവതസൂര്യൻ പി.കെ വ്യാസൻ അമനകര ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും.

മീനച്ചിൽ യൂണിയൻ കൺവീനർ കെ.എം സന്തോഷ്‌ കുമാർ മുഖ്യപ്രഭാഷണവും ക്ഷേത്രം തന്ത്രി ഘടനാനന്ദനാഥപാദതീർത്ഥ അനുഗ്രഹപ്രഭാഷണവും നടത്തും. അഖില കേരള വിശ്വകർമ്മസഭ മീനച്ചിൽ താലൂക്ക് പ്രതിനിധി അനിൽ ആറുകാക്കൽ പ്രസംഗിക്കും. ശാഖാ സെക്രട്ടറി സന്തോഷ് പൊട്ടക്കുന്നേൽ ചടങ്ങിൽ സ്വാഗതം പറയും.

മഹാഗണപതിഹോമം, കുമാരീപൂജ, ശ്രീകൃഷ്ണാവതാരം, മഹാമൃത്യുഞ്ജയഹോമം, മഹാസർവൈശ്വര്യപൂജ, പർവതീപരിണയം, ഗായത്രിഹോമം, ദുർഗപൂജ, മഹാകാളിപൂജ, പൂജവയ്പ്പ്, ഗായത്രിഹോമം എന്നിവയുണ്ട്. ഏഴിന് രാവിലെ 10 ന് അവഭൃഥസ്‌നാനം, (വെളിയന്നൂർ പെരുമാറ്റം മഹാദേവക്ഷേത്രകടവിൽ ). ഉച്ചയ്ക്ക് 12 ന് നവരാത്രിസന്ദേശവും, ആചാര്യആദരണവും തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. എട്ടിന് രാവിലെ 7.30ന് പൂജയെടുപ്പ്, വിദ്യാരംഭം, സരസ്വതിപൂജ, ദിവ്യഔഷധസേവ ഉണ്ടായിരിക്കും. തുടർന്ന് ഗീതാഞ്ജലി കമ്യൂണിക്കേഷൻ തൊടുപുഴ അവതരിപ്പിക്കുന്ന സംഗീത അർച്ചന, നൃത്തനൃത്ത്യങ്ങൾ വിവിധ കലാപരിപാടികളുണ്ട്.