മുണ്ടക്കയം : കഴിഞ്ഞ ഒരാഴ്ചയായി മുണ്ടക്കയത്ത് നടന്നുവരുന്ന തിലകൻ അനുസ്മരണ നാടകോത്സവത്തിന് നാളെ സമാപനമാകും. കേരള സംഗീത നാടക അക്കാദമിയും ജില്ലാ പഞ്ചായത്തുമാണ് സംഘാടകർ.
വൈകുന്നേരം അഞ്ചിന് ചേരുന്ന സമാപന സമ്മേളനം കേരള ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം ചെയ്യും. നവലോകം സാംസ്‌കാരിക സമിതി പ്രസിഡന്റ് വി.എൻ. വാസവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അദ്ധ്യക്ഷനാകും. തുടർന്ന് അനശ്വരനാടക ഗാനങ്ങളുടെ അവതരണമായ പാട്ടോർമ്മ ഉണ്ടായിരിക്കും. ഇന്ന് വൈകിട്ട് 5 ന് മുൻകാല നാടക പ്രവർത്തകരെ ആദരിക്കും. തുടർന്ന് കോഴിക്കോട് നവചേതനയുടെ ' നയാ പൈസ ' നാടകം അരങ്ങേറും. ഇന്നലെ നടന്ന സാംസ്‌കാരിക കൂട്ടായ്മയിൽ കലയും സാഹിത്യവും സാംസ്‌കാരിക കേരളവും എന്ന വിഷയത്തിൽ എം.ജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ.പി .കെ. ഹരികുമാർ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.രാജേഷ്, സി.വി.അനിൽകുമാർ, കെ.ജനീഷ്, സുനിൽ സെബാസ്റ്റ്യൻ, ഡോൺ മാത്യു എന്നിവർ സംസാരിച്ചു. തുടർന്ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അമ്മ നാടകം അരങ്ങേറി.