കോട്ടയം: രാവിലെ കുർബാനയ്ക്ക് ശേഷം കെ.എം.മാണിയുടെ കല്ലറയിൽ പ്രാർത്ഥിച്ച ജോസ് ടോം നേരെയെത്തിയത് കരിങ്ങോഴയ്ക്കൽ വീട്ടിൽ. ജോസ് കെ.മാണി എം.പിയെയും കുട്ടിയമ്മയേയും പ്രവർത്തകരേയും കണ്ട് വിജയപ്രതീക്ഷ പങ്കുവച്ചു. ആദ്യമെണ്ണിയ പോസ്റ്റൽ വോട്ടിൽ ആറ് വീതം വോട്ടുകൾ നേടി മാണി സി.കാപ്പനും ജോസ് ടോമും ഒപ്പത്തിനൊപ്പമെത്തി. രാമപുരം പഞ്ചായത്തിന്റെ വോട്ട് എണ്ണിത്തുടങ്ങുമ്പോൾ സമയം ഒമ്പത് പിന്നിട്ടിരുന്നു.
പ്രതീക്ഷകൾക്ക് വിപരീതമായിരുന്നു രാമപുരം പഞ്ചായത്തിലെ വോട്ടുകൾ. ആദ്യ റൗണ്ടിൽ തന്നെ മാണി സി.കാപ്പൻ മുന്നിൽ. യു.ഡി.എഫിന്റെ ഉറച്ചകോട്ടയായ രാമപുരത്ത് പിന്നാക്കം പോകുന്നത് ആശങ്കപ്പെടുത്തിയെങ്കിലും തിരിച്ചുവരാമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. രണ്ടാം റൗണ്ടിൽ മാണി സി.കാപ്പന്റെ ലീഡ് 2231ലേയ്ക് എത്തിയതോടെ വീടും പരിസരവും ശോകമൂകമായി. മൂന്നാം റൗണ്ടിൽ കാപ്പന് 14017 വോട്ടുകൾ ലഭിച്ചപ്പോൾ ജോസ് ടോമിന് 11840 വോട്ടുകളാണ് നേടാനായത്. കാപ്പൻ വിജയത്തിലേയ്ക്കെന്ന പ്രതീതി പരന്നതോടെ എല്ലാവരു മൗനത്തിലായി. ഇടയ്ക്ക് ജോസ് ടോം ജോസ് കെ.മാണിയുമായി അടച്ചിട്ട മുറിയിൽ പത്ത് മിനിറ്റോളം ചർച്ച. അപ്പോഴേയ്ക്കും കാപ്പന്റെ ഭൂരിപക്ഷം നാലായിരമെത്തി. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളെല്ലാം കാപ്പൻ കീഴടക്കുന്നത് വേദനയോടെ പ്രവർത്തകർ കണ്ടു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന തോമസ് ചാഴികാടൻ എം.പി പുറത്തേയ്ക്ക്. അപ്പോഴും കാപ്പൻ വ്യക്തമായ ലീഡിലായിരുന്നു.

ഭരണങ്ങാനം പഞ്ചായത്തിൽ 682 വോട്ടിന് എൽ.ഡി.എഫ് ലീഡ് ചെയ്തത് പ്രവർത്തകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മുത്തോലി പഞ്ചായത്തിൽ ജോസ് ടോം ലീഡ് ചെയ്തതോടെ കാപ്പന്റെ ഭൂരിപക്ഷം അൽപ്പം കുറഞ്ഞു. പ്രവർത്തകർ ആവേശത്തോടെ കൈയടിച്ചു. പൊന്നുപോലെ കൊണ്ടു നടന്ന പാലാ നഗരസഭയും കൈവിട്ടതോടെ തോൽവി ഉറപ്പാക്കി .