പാല: രാവിലെ മുതൽ മാണി സി.കാപ്പന്റെ പാല മുണ്ടാങ്കൽ കാപ്പിൽ വീട് ആഹ്ളാദത്തിലായിരുന്നു. കാപ്പൻ രാവിലെ ളാലം സെന്റ് മേരീസ് പഴയ പള്ളിയിൽ കുർബാന അർപ്പിച്ചു. തുടർന്ന് കുടുംബസമേതം വീട്ടിൽ ടി.വിക്ക് മുന്നിലേയ്ക്കെത്തി. ആദ്യം മുതൽ ലീഡ് ചെയ്ത് തുടങ്ങിയതോടെ മുഖത്ത് പുഞ്ചിരി. ഇടയ്ക്ക് ലഘുഭക്ഷണം.
യു.ഡി..എഫിന്റെ കോട്ടയായ രാമപുരത്ത് 162 വോട്ടിന് ലീഡ് ചെയ്യുന്നെന്ന വാർത്ത ഹർഷാരവത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. എൻ.സി.പി ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ , ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോസ് പാറേക്കാട്ട് എന്നിവർ കൈകൊടുത്ത് അഭിനന്ദിച്ചു. പിന്നെ ആകാംഷയുടെ നിമിഷങ്ങൾ. കാപ്പൻ കത്തിക്കയറുമ്പോൾ മുഖത്ത് ചിരിയുടെ അഴക് വർദ്ധിച്ചു. ലീഡ് ഉയരുന്നതിന് അനുസരിച്ച് വീട്ടിലെത്തുന്ന അംഗങ്ങളുടെ എണ്ണവും കൂടി. മുദ്രാവാക്യം വിളിച്ച് പ്രവർത്തകരും ആവേശത്തിന്റെ ഭാഗമായി. മടിയിലിരുന്ന കൊച്ചുമകൻ റയാൻ കീ ജയ് വിളിക്കുമ്പോൾ സന്തോഷം ഇരട്ടിച്ചു.
അവസാന റൗണ്ടിൽ എലിക്കുളം പഞ്ചായത്തിലെ എട്ടു ബൂത്തുകൾ മാത്രം ശേഷിക്കുമ്പോൾ കാപ്പൻ വിജയത്തിലേയ്ക്കെന്നായി വാർത്ത. കാപ്പനെ അഭിനന്ദിക്കുന്ന തിരക്കായിരുന്നു പിന്നീട്. പ്രവർത്തകരുടെ ആഹ്ളാദാരവങ്ങൾക്കിടയിലൂടെ പുറത്തേയ്ക്ക്.. ഈ സമയം കൂടുതൽ നേതാക്കളും പ്രവർത്തകരും വീട്ടിലെത്തി. തുടർന്ന് പ്രവർത്തകർ എത്തിച്ച മധുരം പങ്കു വച്ചശേഷം അയൽവാസികളുടെ വീടുകളിലെത്തി നന്ദി പറഞ്ഞു.
സി.പി.എം ഓഫീസിലെത്തിയ മാണി സി. കാപ്പനെ ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ മാലയിട്ടാണ് സ്വീകരിച്ചത്. പിന്നീട് വാദ്യമേളങ്ങളുടെ അകമ്പടിയിൽ തുറന്ന വാഹനത്തിൽ നേതാക്കൾക്കൊപ്പം സ്വീകരണങ്ങൾ ഏറ്റുവാങ്ങി പാലാ നഗരത്തിലേക്ക്.