ഭക്ഷണവും താമസവും കിട്ടും പിന്നെ എന്തിന് വീട്ടിൽ പോകണം
കോട്ടയം : നഗരമദ്ധ്യത്തിൽ തിരുനക്കര മൈതാനത്ത് തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധർ പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. രാത്രിയും പകലും സാമൂഹ്യവിരുദ്ധരുടെ കോപ്രായം തുടരുകയാണ്. ഹോട്ടൽ തൊഴിലാളികളെന്ന വ്യാജേനയാണ് അക്രമികളും പോക്കറ്റടിക്കാരും കഞ്ചാവ് വില്പനക്കാരും തമ്പടിക്കുന്നത്. രഹസ്യമായി കഞ്ചാവ് വില്പന പോലും ഇക്കൂട്ടർ നടത്തുന്നുണ്ട്.
സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയോരങ്ങളിൽ കിടക്കുന്നവർക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഇത് കഴിച്ചാണ് അക്രമികളിൽ പലരും കഴിയുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ട് അക്രമ സംഭവങ്ങളാണുണ്ടായത്. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും, പ്രായമായ ആളുകളും വിശ്രമത്തിനായി മൈതാനം തിരഞ്ഞെടുക്കാറുണ്ട്. ഇവരെ സാമൂഹ്യവിരുദ്ധർ ശല്യപ്പെടുത്തുന്നത് പതിവാണ്. മൈതാനത്തിനു സമീപത്തെ മുറുക്കാൻ കടകൾ കേന്ദ്രീകരിച്ചാണ് ഇവരിൽ പലരും കഴിയുന്നത്.
നഗരസഭ സെക്രട്ടറിയ്‌ക്ക്
സി.ഐയുടെ മാസ് മറുപടി
പൊലീസിനോട് ഓർഡറിട്ട നഗരസഭ സെക്രട്ടറിയ്‌ക്ക് കിട്ടിയത് മുട്ടൻ തട്ട്. ഏറ്റുമാനൂർ നഗരസഭ സെക്രട്ടറി വിജയ്‌ക്കാണ് സി.ഐ എ.ജെ തോമസിന്റെ മറുപടി ലഭിച്ചത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവ് ഭാര്യയെ ആക്രമിച്ച കൊലപ്പെടുത്തിയിരുന്നു. കേസിൽ ഉൾപ്പെട്ടവരെല്ലാം ഏറ്റുമാനൂർ ചിറക്കുളത്തിന് സമീപം താമസിക്കുന്നവരാണ്. ഇവരെ ഒഴിപ്പിക്കണമെന്നും, പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് നഗരസഭ സെക്രട്ടറി പൊലീസിനു കത്ത് നൽകിയത്. എന്നാൽ, ഇത്തരക്കാരെ ഒഴിപ്പിക്കേണ്ടതും പുനരധിവസിപ്പിക്കേണ്ടതും നഗരസഭയുടെ ഉത്തരവാദിത്വമാണെന്നും, ആവശ്യമുണ്ടെങ്കിൽ നഗരസഭയ്‌ക്ക് പൊലീസ് സംരക്ഷണം നൽകാമെന്നുമായിരുന്നു സി.ഐയുടെ മറുപടി.