n-hari

കോട്ടയം: ബി..ജെ.പിയുടെ 6777 വോട്ടുകൾ എവിടെ? നേതൃത്വത്തിന് കൃത്യമായ ഉത്തരമില്ല. പോളിംഗ് കുറഞ്ഞത് വോട്ടുകുറയാൻ കാരണമായെന്നു പറഞ്ഞ് കൈകഴുകുന്നുണ്ടെങ്കിലും വോട്ടു കച്ചവടമെന്ന ആരോപണം നിലനിൽക്കുമ്പോൾ കൂടുതൽ വിശ്വാസ്യമായ മറുപടിയാണ് അണികൾ പ്രതീക്ഷിക്കുന്നത്.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ..ഹരി 24821 വോട്ടും കഴിഞ്ഞ ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പി.സി. തോമസ് 26,533 വോട്ടും നേടിയപ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 6777 വോട്ടിന്റെയും ലോക്‌സഭാ തിരഞ്ഞെടുപ്പിനേനേക്കാൾ 8489 വോട്ടിന്റെ കുറവുണ്ടായത്.

സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന്റെയും ജനപക്ഷത്തിന്റെയും പിന്തുണ ഹരിക്ക് ലഭിച്ചില്ലെന്നാണ് ബി.ജെ.പി വിലയിരുത്തൽ. പോളിംഗിനു പിന്നാലെ ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തെ സസ്‌പെൻഡ് ചെയ്തതും, ബിനു ഉയർത്തിയ വിവാദവും പാർട്ടിയിൽ കെട്ടടങ്ങിയിട്ടില്ല. ബി..ജെ..പി വോട്ടുകൾ യു..ഡി..എഫിന് മറിച്ചെങ്കിൽ ജോസ് ടോം ജയിച്ചേനേ എന്ന മറുപടിയാണ് ജില്ലാ നേതൃത്വം നൽകുന്നത്. എന്നാൽ, ഫലപ്രഖ്യാപനം വന്നതോടെ ബി.ജെ.പി. വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചതായി ഉമ്മൻചാണ്ടിയും ജോസ് കെ.മാണിയും ജോസ് ടോമും ആരോപിച്ചത് പാർട്ടിക്ക് പുതിയ തലവേദനയായി.

വോട്ടു ചോർച്ച സംബന്ധിച്ചു പഠിക്കുമെന്ന് ജില്ലാ പ്രസിഡന്റ് കൂടിയായ എൻ. ഹരി പറയുമ്പോഴും സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വലിയ പ്രതിസന്ധിയാണ് പാർട്ടിയെ കാത്തിരിക്കുന്നത്. സംസ്ഥാനത്ത് ബി.ജെ.പിക്ക് വളർച്ചയുണ്ടെന്ന് അവകാശപ്പെടുമ്പോഴും പാലായിലെ വോട്ട് ചോർച്ച വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലും പാർട്ടിയെ ബാധിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്..

പി..സി.ജോർജ് എം.എൽ..എ തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാനായിരുന്നിട്ടും ജോർജിന്റെ കോട്ടകളിൽപ്പോലും മാണി സി..കാപ്പന് ലീഡ് ഉയർന്നു.. തന്റെ അണികളും കാപ്പന് വോട്ട് ചെയ്തിട്ടുണ്ടാകുമെന്ന് പിന്നാലെ ജോർജിന്റെ മറുപടിയുമെത്തി. ഘടകകക്ഷികളെ ഒരുമിച്ചുകൊണ്ടുപോകുന്നതിലുള്ള പരാജയവും പാർട്ടിയോഗങ്ങളിൽ വിമർശനമായി ഉയരും.