കോട്ടയം: കോട്ടകളെല്ലാം മാണി സി.കാപ്പൻ തകർത്തതോടെ ഒടുവിൽ ദയനീയ പരാജയം സമ്മതിക്കേണ്ടി വന്നു യു.ഡി.എഫിന് . പതിറ്റാണ്ടുകളായി കൂടെ നിന്ന തദ്ദേശ സ്ഥാപനങ്ങൾ കൂട്ടത്തോടെ കാപ്പനൊപ്പം ചേർന്നു. പാലാ നഗരസഭ പോലും കൈവിട്ടപ്പോൾ യു.ഡി.എഫിനൊപ്പം നിന്നത് മൂന്ന് പഞ്ചായത്തുകൾ മാത്രം!

എന്നും യു.ഡി.എഫിനൊപ്പമായിരുന്നു രാമപുരം, ഭരണങ്ങാനം, കരൂർ പഞ്ചായത്തുകളും പാലാ നഗരസഭയും. ഇവയെല്ലാം കൂട്ടത്തോടെ പോയപ്പോഴേ പരാജയം ഉറപ്പിച്ചു. മുത്തോലി, മീനച്ചിൽ, കൊഴുവനാൽ പഞ്ചായത്തുകൾ ജോസ് ടോമിനെ പിന്തുണച്ചെങ്കിലും ആ കരുത്തിൽ മറ്റിടങ്ങളിലെ വിടവ് നികത്താനുമായില്ല. പോളിംഗ് കഴിഞ്ഞപ്പോൾ മുതൽ യു.ഡി.എഫ്. ക്യാമ്പിൽ അതിരുകടന്ന ആത്മവിശ്വാസമായിരുന്നു. ജോസ് ടോം എം.എൽ.എയായെന്ന തരത്തിലുള്ള ഫ്ളക്സുകളും നിരന്നു. പക്ഷേ, എല്ലാം വെറുതെയായി.

രാമപുരം കൈവിട്ടത് 518 വോട്ടിന്

യു.ഡി.എഫ് ഭരിക്കുന്ന രാമപുരം പഞ്ചായത്ത് 518 വോട്ടിനാണ് കൈവിട്ടത്. അധികാരത്തിനായി കോൺഗ്രസ് - കേരളാ കോൺഗ്രസ് തർക്കം രൂക്ഷമായ പഞ്ചായത്താണിത്. ഇരുവുരം തമ്മിൽ സൗഹൃദ മത്സരം നടക്കുമ്പോൾ പോലും വലത്തേയ്ക്ക് മാത്രമേ പഞ്ചായത്ത് ചിന്തിച്ചിട്ടുള്ളു. തലനാട്,​തലപ്പുലം പഞ്ചായത്തുകൾ കഴിഞ്ഞ തവണ മാണി സി. കാപ്പനെ പിന്തുണച്ചിരുന്നു. എന്നാൽ, ഈ പഞ്ചായത്തുകളിൽ എൽ.ഡി.എഫിനു കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞതുമില്ല.

*മലയോരമേഖല അടപടലേ പോയി
മലയോര മേഖലയിലെ മുഴുവൻ പഞ്ചായത്തുകളും ഇടത്തേയ്ക്ക് ചേർന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിമാരും ഈ മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. വ്യക്തമായ സ്വാധീനമുള്ള ജനപക്ഷത്തിന്റെ വോട്ടുകളും കാപ്പന് കിട്ടി. ഭരണങ്ങാനവും യു.ഡി.എഫിനെ പിന്നിൽ നിന്ന് കുത്തി. മുത്തോലി, മീനച്ചിൽ, കൊഴുവനാൽ പഞ്ചായത്തുകൾ മാത്രമേ തുണച്ചുള്ളൂ.