pala-

കോട്ടയം: പാലായിൽ സ്വന്തം സ്ഥാനാർത്ഥിയെ തോൽപ്പിച്ചിട്ടും കേരള കോൺഗ്രസിൽ പോരിന് ശമനമുണ്ടാകുന്ന ലക്ഷണമില്ല

അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ സംയമനം പാലിക്കണമെന്ന് ജോസഫിനും ജോസ് കെ. മാണിക്കും യു.ഡി.എഫ് നൽകിയ മുന്നറിയിപ്പിനും പുല്ലുവില. ഇരുവരും ഇന്നലെയും പരസ്പരം ആക്രമിക്കുന്നതിൽ മത്സരിച്ചു.

തോൽവിയുടെ വില്ലൻ പി.ജെ.ജോസഫാണെന്ന് ജോസ് ടോമിനെക്കൊണ്ട് പത്രസമ്മേളനം നടത്തി പറയിക്കുന്നതിൽ വരെ കാര്യങ്ങളെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ജോസിന്റെ ആദ്യ പ്രതികരണം. പിറകേ ജോസ് ടോമിനെയും ഇറക്കി.

ജോസിന്റെ ധിക്കാരപരമായ നിലപാടാണ് തോൽവിക്കു കാരണമെന്ന് ഇന്നലെ ജോസഫ് പറഞ്ഞു. ജയസാദ്ധ്യതയുള്ള ഒരു ഡസൻ സ്ഥാനാർത്ഥികളുണ്ടായിരുന്നിട്ടും അവരെ പരിഗണിക്കാതെ പാലായിലെ പരാജയം ചോദിച്ച് വാങ്ങിയതാണ്. ചിഹ്നം കിട്ടിയാൽ ജയിക്കുമായിരുന്നെന്ന് പറയുന്നവർ ചിഹ്നം വർക്കിംഗ് ചെയർമാനോട് ആവശ്യപ്പെടാൻ പോലും തയ്യാറായില്ല. ജോസ് പക്ഷത്തെ വോട്ടുകളാണ് എൽ.ഡി.എഫിലേക്ക് മറിഞ്ഞതെന്നും ആവർത്തിച്ചു.

അതേസമയം, പാലായിൽ ജോസ് ടോമിനെ തോൽപ്പിക്കാൻ ജോസഫ് പക്ഷം പ്രവർത്തിച്ചതിന്റെ ശബ്ദരേഖയടക്കം യു.ഡി.എഫ് നേതൃത്വത്തിന് കൈമാറാൻ തെളിവ് ശേഖരണത്തിലാണ് ജോസ് പക്ഷം.

യഥാർത്ഥ വില്ലൻ ജോസഫെന്ന് ജോസ് ടോം

പരാജയത്തിന്റെ യഥാർത്ഥ വില്ലൻ പി.ജെ. ജോസഫാണെന്നും അനാവശ്യമായ പ്രസ്താവനകൾ ഇറക്കി ജോസഫ് അണികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്‌ടിച്ചെന്നും ജോസ് ടോം ആരോപിച്ചു. സ്ഥാനാർത്ഥി നിർണയം മുതൽ ജോസഫ് പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചു. ജയസാദ്ധ്യതയില്ലെന്നായിരുന്നു പ്രചാരണം. യു.ഡി.എഫ് തോറ്റപ്പോൾ ജോസഫിന്റെ അജൻഡയാണ് നടപ്പായത്. നിലവിൽ ജോസ് വിഭാഗത്തിന് രണ്ട് എം.പിമാരുടെയും രണ്ട് എം.എൽ.എമാരുടെയും പിൻതുണയുണ്ട്. പാലായിൽ ഞാൻ വിജയിച്ചാൽ അത് രാഷ്ട്രീയ പോരാട്ടത്തിൽ ജോസ് വിഭാത്തിന് മേൽക്കോയ്‌മ നൽകും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നിലും ജോസിന് കരുത്തുണ്ടാകും. ഇത് തടയാൻ കൂടിയാണ് പരാജയപ്പെടുത്താൻ പ്രത്യേക അജൻഡ ജോസഫ് തയ്യാറാക്കിയത്. പ്രചാരണത്തന് എത്താതിരുന്ന ജോയ് എബ്രഹാമും, സജി മ‌ഞ്ഞക്കടമ്പനും തിരഞ്ഞെടുപ്പ് ദിവസം കരുതിക്കൂട്ടിയുള്ള പ്രസ്‌താവനകൾ നടത്തിയത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കി. ഇവരെ വെള്ളപൂശുന്ന നിലപാടാണ് മോൻസ് ജോസഫിൽ നിന്നുമുണ്ടായത്. തിരഞ്ഞെടുപ്പിന്റെ തലേദിവസം മഠങ്ങളിലും പള്ളികളിലും തന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട് പ്രചരിപ്പിച്ച കത്തിന് പിന്നിലും ജോസഫിന്റെ ബുദ്ധിയായിരുന്നെന്നും ജോസ് ടോം പറഞ്ഞു.

.