കാഞ്ഞിരപ്പള്ളി: പേട്ടക്കവലയിൽ നൂറുകണക്കിന് യാത്രക്കാർക്ക് ആശ്രയമായിരുന്ന വെയിറ്റിംഗ് ഷെഡ് പെളിച്ചുനീക്കിയവർ വാക്ക് പാലിക്കാത്തതിനാൽ യാത്രക്കാർ വലയുന്നു. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ പേട്ടക്കവലയിലെ വെയിറ്റിംഗ് ഷെഡാണ് റോഡ് വികസനത്തിന്റെ പേരിൽ പൊളിച്ചുമാറ്റിയത്. റോഡ് നവീകരണം പൂർത്തിയായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൊളിച്ചുനീക്കിയ വെയിറ്റിംഗ് ഷെഡ് പുനസ്ഥാപിച്ചില്ല. പുലർച്ചെമുതൽ തിരക്കും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്ന പേട്ടക്കവലയിൽ ഈരാറ്റുപേട്ട ഭാഗത്തേക്കുള്ള യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. ഓരോ മണിക്കൂറിലും നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്.
ഇവരുടെ ദുരിതം കണ്ട് സ്ഥലത്തെ ഓട്ടോറിക്ഷാക്കാരും ചുമട്ടുതൊഴിലാളികളും ചേർന്ന് താത്ക്കാലികമായി ഒരു വെയിറ്റിംഗ് ഷെഡ്ഡ് നിർമ്മിച്ചു നൽകിയത് ചെറിയ ആശ്വാസമായെങ്കിലും വെയിലും പെരുമഴയും യാത്രക്കാർക്ക് ദുരിതംതന്നെയാണ്. രാവിലേയും വൈകിട്ടും കൂട്ടത്തോടെ എത്തുന്ന സ്‌കൂൾ കുട്ടികൾ നിന്നുതിരിയാൻ ഇടമില്ലാതെ വലയുകയാണ് .ചിറ്റാർപുഴയിൽ ബീം സ്ഥാപിച്ച് ആധുനീക രീതിയിൽ വിശാലമായ വെയിറ്റിംഗ് ,ഷെഡ്ഡ് നിർമ്മിച്ചു നൽകുമെന്നായിരുന്നു വാക്ക് പറഞ്ഞിരുന്നത്. റോഡ് നിർമ്മാതാക്കൾ വാക്ക് പാലിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.