വൈക്കം : ശബരിമല ദർശനത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങൾ നിലയ്ക്കലിൽ തടയാതെ പമ്പ വരെ യാത്ര അനുവദിക്കുന്നതിന് നടപടിയുണ്ടാവണമെന്ന് തിരുവിതാംകുർ ദേവസ്വം സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മ​റ്റി ആവശ്യപ്പെട്ടു.
ശബരിമലയിലും പമ്പയിലും ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണം.
ദേവസ്വം ബോർഡിന് 100 കോടി രൂപ ധനസഹായമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. നാളിതുവരെ ഒരു രൂപ പോലും ദേവസ്വത്തിന് ലഭിച്ചിട്ടില്ലന്നും ഇതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയ​റ്റ് നടയിൽ സമരപരിപാടികൾ ആരംഭിക്കുവാൻ സംസ്ഥാന കമ്മ​റ്റി തീരുമാനിച്ചതായി വൈക്കം ദേവസ്വം ഗസ്​റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജി. ജയകുമാർ അറിയിച്ചു.
പ്രസിദ്ധമായ വൈക്കത്തഷ്ടമി അടുത്തെത്തിയിട്ടും യാതൊരു മുന്നൊരുക്കങ്ങളും ആരംഭിച്ചിട്ടില്ല. വൈക്കം ക്ഷേത്രം ഒരു മഴ പെയ്താൽ വെള്ളക്കെട്ടിലാകും. ഇതിന് പരിഹാരം കാണുവാൻ സാധിച്ചിട്ടില്ല. പെയിന്റിംഗ്, ശുചികരണം , മ​റ്റു അറ്റകു​റ്റപണികൾ, എന്നിവയും തുടങ്ങിയിട്ടില്ല. എഴുന്നള്ളിപ്പുകൾക്ക് ഏറെ പ്രാധന്യമുള്ള വൈക്കത്ത് തിരുവാഭരണത്തിന്റെ ചുമതല ഇപ്പോഴും പെൻഷൻ പ​റ്റിയ ഉദ്യോഗസ്ഥന്റെ ചുമതലയിലാണ്. നിരവധി തസ്തികകളിൽ ജീവനക്കാരില്ലാത്തത് അഷ്ടമിയുടെ കാര്യക്ഷമമായ നടത്തിപ്പിനെ ബാധിക്കും.
കഴിഞ്ഞ വർഷം ബോർഡിനെ തെ​റ്റിദ്ധരിപ്പിച്ച് പ്രാതൽ വെട്ടി കുറച്ചിരുന്നു. വർഷങ്ങളായി നടന്നു വന്നിരുന്ന 151 പറ അരിയുടെ അഷ്ടമി സദ്യ പുനരാംരഭിക്കണം ഭക്തജനങ്ങൾക്ക് പങ്കാളിത്തമുള്ള ഉപദേശക സമിതിയെ തിരെഞ്ഞെടുക്കുവാൻ ദേവസ്വം നടപടി സ്വീകരിക്കണം. വിളക്ക് മാടം പിച്ചള പൊതിയുന്നതിനും പുതിയ ചുറ്റുവിളക്കുകൾ സ്ഥാപിക്കുന്നതിനും ഭക്തരിൽ നിന്നും സംഭാവന സ്വീകരിച്ചിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ശബരിമല ഇടത്താവളമായ വൈക്കത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കുന്നതിലും വീഴ്ച വരുത്തുന്നു. വൈക്കം ക്ഷേത്രത്തിലെ സി.സി ടി വി ക്യാമറകൾ പ്രവർത്തന രഹിതമാണ്. ഈ വിഷയങ്ങളിൽ ദേവസ്വം ബോർഡിന്റെ അടിയന്തിര ശ്രദ്ധയുണ്ടാവണമെന്ന്

സംസ്ഥാന കമ്മ​റ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരായ ആർ.ബി.ശ്രീകണ്ഠൻ നായർ, ജി.ശിവശർമ്മ , ട്രഷറർ പി.ഡി സുകുമാരൻ നായർ, വി.എസ് രാജഗോപാലൻ നായർ ,വി.നാരായണൻ ഉണ്ണി, കെ.എം സുധർമ്മൻ, പി.സി. അജിത് കുമാർ, വി.മോഹനൻ, മുരളി ക്യഷ്ണൻ തമ്പാൻ, ഗീതാ വിശ്വംഭരൻ, എം.ബി.അംബിക, വി.എൻ ചന്ദ്രശേഖരൻ, പി.സി.വിജയകുമാർ എന്നിവർ പങ്കെടുത്തു.