ചങ്ങനാശേരി: വിവിധ വിഷയങ്ങൾ ഉന്നയിച്ച് നഗരസഭ കൗൺസിൽ യോഗത്തിൽ വ്യാപക പരാതിയുമായി അംഗങ്ങൾ. നഗരസഭ പരിധിയിൽ മാലിന്യങ്ങൾ കുന്നുക്കൂടുന്നു, വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല, ശുചീകരണ പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഗ്രാമസഭ കൂട്ടുന്നതിനു മുൻപ് അടിയന്തിരമായി ഇതിന് പരിഹാരം കാണണമെന്നാണ് ആവശ്യം. ഉദ്യോഗസ്ഥർ കൃത്യസമയങ്ങളിൽ ഓഫീസുകളിൽ എത്തുന്നില്ലെന്നും വർക്കുകൾ നടക്കുന്നില്ലെന്നും കക്ഷിഭേദ്യമന്യേ ആരോപണമുയർന്നു. നഗരസഭയിലെ മാലിന്യനീക്കത്തിനായി നഗരസഭയുടെ വാഹനം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഇറക്കുമെന്ന് ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ പറഞ്ഞു. കേരള കോൺഗ്രസിലെ ആറ് കൗൺസിലർമാർ കൗൺസിലിൽ പങ്കെടുത്തില്ല. കൗൺസിലർമാരായ എൻ. പി കൃഷ്ണകുമാർ, പ്രസന്നകുമാരി, സെബാസ്റ്റ്യൻ മണമേൽ, സന്ധ്യാ മനോജ്, പി. എ നസീർ, മാർട്ടിൻ സ്‌കറിയ, കൃഷ്ണകുമാരി രാജശേഖരൻ, സിബി തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
മറ്റു ചില പരാതികൾ
അടുത്തകാലത്ത് സ്ഥാപിച്ച 20 ലൈറ്റുകളിൽ പകുതിയും കത്തുന്നില്ല
റോഡുകൾ ടാറിംഗ് നടത്തുന്നതിനായി ടെൻഡർ എടുത്ത കരാറുകാർ പണികൾ ഉപേക്ഷിച്ചത് ബുദ്ധിമുട്ടുണ്ടാക്കുന്നു
കരാറുകാർക്കെതിരെ നടപടി സ്വീകരിക്കണം
പി പി ജോസ് റോഡിൽ ചിലർ കല്ലും മറ്റും നിരത്തി കലുങ്കിന് സമീപം ഒഴുക്ക് തടസ്സപ്പെടുത്തുന്നു
നഗരസഭയുടെ വീതികുറഞ്ഞ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന അപകടമുണ്ടാക്കുന്ന ചെടികൾ പറിച്ചുമാറ്റണം