കോട്ടയം : പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് ജയിലിൽ കിടക്കേണ്ട കുറ്റമാണെന്ന് പഠിപ്പിക്കുകയാണ് ഹരിതകേരള മിഷൻ. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരെ കുറ്റവും ശിക്ഷയും പഠിപ്പിക്കാൻ 'ഹരിത നിയമ സദസിനാണ് മിഷൻ രൂപം കൊടുക്കുന്നത്. അറിവ് നൽകിയ ശേഷവും കുറ്റകൃത്യം തുടർന്നാൽ കർശനമായി നിയമം നടപ്പാക്കും.
ആർക്കും പരാതി കൊടുക്കാം
അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നത് കണ്ടാൽ വ്യക്തികൾ, സംഘടനകൾ, റസിഡന്റ്‌സ് അസോസിയേഷൻ എന്നിവർക്ക് നേരിട്ടോ തദ്ദേശസ്ഥാപന സെക്രട്ടറി മുഖേനയോ പരാതിപ്പെടാം. വിവിധ നിയമങ്ങൾ അനുസരിച്ച് പൊലീസ്, മലിനീകരണനിയന്ത്രണ ബോർഡ്, തദ്ദേശസ്ഥാപന മേധാവി , ആരോഗ്യവകുപ്പ് എന്നിവർക്ക് കേസെടുക്കാം. ഹരിത ട്രൈബ്യൂണൽ വിധിയും ചില കുറ്റങ്ങളിൽ ബാധകം.
കുറ്റവും ശിക്ഷയും ഇങ്ങനെ
കുറ്റം: മാലിന്യം വലിച്ചെറിയൽ, വീടുകൾ, സ്ഥാപനങ്ങൾ എന്നിവ ഖരമാലിന്യം തരംതിരിച്ച് സംസ്‌കരിക്കുകയോ തദ്ദേശസ്ഥാപനങ്ങൾക്കു കൈമാറാതിരിക്കുകയോ ചെയ്താൽ.
ശിക്ഷ : 5 വർഷം വരെ തടവ്, 1 ലക്ഷം രൂപ വരെ പിഴ. വേണമെങ്കിൽ രണ്ടും ചേർത്ത്.
കുറ്റം: അനധികൃത ഇറച്ചി,മീൻ വ്യാപാരവും അശാസ്ത്രീയമായ മാലിന്യം ഒഴിവാക്കലും.
ശിക്ഷ: 1000 രൂപ പിഴ
കുറ്റം: കക്കൂസ് മാലിന്യം പൊതുജലസ്രോതസിലേക്ക് ഒഴുക്കിയാൽ.
ശിക്ഷ: 3 വർഷം തടവ്, 2 ലക്ഷം പിഴയോ രണ്ടും കൂടിയോ.
കുറ്റം: വിഷമോ മലിനീകരണ സാദ്ധ്യതയോ ഉള്ള വസ്തുക്കൾ ജലാശയത്തിൽ തള്ളൽ.
ശിക്ഷ: 1.5 മുതൽ 6 വർഷം വരെ തടവ്.കുറ്റം തുടർന്നാൽ 7 വർഷം വരെ തടവ്.
കുറ്റം: ജലസ്രോതസുകളിൽ മാലിന്യം ഉപേക്ഷിക്കൽ.
ശിക്ഷ: 1 വർഷം തടവ്, 5000 രൂപ പിഴ.
കുറ്റം: സ്ഥാപനങ്ങളിലെ സംസ്‌കരിക്കാത്ത മാലിന്യം ഓടകളിലേയ്ക്ക് ഒഴുക്കൽ.
ശിക്ഷ: 6 മാസം മുതൽ 1 വർഷം വരെ തടവ്. 10,000 മുതൽ 50,000 വരെ പിഴ.
കുറ്റം: പൊതുഇടങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം കത്തിക്കൽ.
ശിക്ഷ: പിഴ 500 രൂപ. കുറ്റം ഗൗരവമെങ്കിൽ ഹരിത ട്രൈബ്യൂണൽ വിധി അനുസരിച്ച് 5000 മുതൽ 25,000 വരെ പിഴ.
കുറ്റം: വീട്, സ്ഥാപനം, സമ്മേളന ഹാളുകൾ, ചന്തകൾ, ആശുപത്രികൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ അശാസ്ത്രീയ മാലിന്യ സംസ്‌കരണം.
ശിക്ഷ : 6 മാസം വരെ തടവ്, പിഴ. ചിലപ്പോൾ രണ്ടും.
കുറ്റം: 100 ൽ കൂടുതൽ പേർ ഒത്തുചേരുന്ന ചടങ്ങുകളിൽ ഗ്രീൻപ്രോട്ടോക്കോൾ പാലിക്കാതിരിക്കൽ.
ശിക്ഷ: 5 വർഷം വരെ തടവ്, 1 ലക്ഷം പിഴ. ചിലപ്പോൾ രണ്ടും ചേർന്നത്.
കുറ്റം: 2500 ചതുരശ്ര അടിയിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ദ്രവമാലിന്യ സംസകരണ സംവിധാനം ഇല്ലാതിരിക്കൽ.
ശിക്ഷ: 10,000 രൂപ പിഴ, നിയമലംഘനം തുടരുന്ന ഓരോ ദിവസത്തിനും 1000 രൂപ വീതം പിഴ