കോട്ടയം : വോട്ടുകച്ചവടം കാലുവാരൽ എന്നൊക്കെപ്പറഞ്ഞ് രാഷ്ട്രീയ നേതാക്കളുടെ തിരഞ്ഞെടുപ്പാനന്തര വാക്പോര് കൊഴുക്കുന്നത് കാണുമ്പോൾ പാലായുടെ രാഷ്ട്രീയ ചരിത്രം മാറ്റിവരച്ച സമ്മതിദായകർ ഉള്ളിൽ ചിരിക്കുകയാണ്.

കെ.എം. മാണിയോട് മൂന്നുതവണ പരാജയപ്പെട്ട മാണി സി.കാപ്പൻ നാലാമൂഴത്തിൽ കരകയറിയതിന് പിന്നിലെ യഥാർത്ഥചിത്രം അറിയുന്നവരാണവർ. ജയിച്ചാലും തോറ്റാലും കാപ്പനൊപ്പം എന്നുതീരുമാനിച്ച കുറെ വോട്ടർമാർ. അതിൽ എടുത്തുപറയേണ്ടത് മൂന്നിലവ് പഞ്ചായത്തിലെ ഇടതുപക്ഷക്കാരെക്കുറിച്ചാണ്.

2016 ൽ കെ.എം. മാണിയോട് മത്സരിച്ചപ്പോൾ ഇവർ കാപ്പന് കൊടുത്തത് 2239 വോട്ടായിരുന്നു. ഇത്തവണ എതിരാളി മാറിയെങ്കിലും കാപ്പനുള്ള വിഹിതത്തിൽ ഒരുകുറവും വരുത്തിയില്ല. കൃത്യം 2239 തന്നെ പെട്ടിയിലിട്ടു. അതേസമയം 2016 ൽ കെ.എം. മാണിക്ക് വോട്ടുചെയ്തവരിൽ 665 പേർ ഇത്തവണ ജോസ് ടോമിനെ സഹായിച്ചതുമില്ല. തലനാട് പഞ്ചായത്തിലും ഇടതുപക്ഷക്കാരുടെ കൃത്യനിഷ്ഠയിൽ നേരിയ വ്യത്യാസമേ വന്നിട്ടുള്ളൂ. 2016 ൽ കാപ്പന് കിട്ടിയ 1954 ൽ നിന്ന് 4 എണ്ണം കുറച്ച് ഇത്തവണ 1950 ൽ റൗണ്ട് ചെയ്തു. കടനാട്, തലപ്പുലം, ഭരണങ്ങാനം, കരൂർ, കൊഴുവനാൽ പഞ്ചായത്തുകളിലും പാലാ നഗരസഭയിലും മാണി സി.കാപ്പൻ കഴിഞ്ഞ തവണത്തേതിനേക്കാൾ നേട്ടമുണ്ടാക്കി.

ആകെയുള്ള 13 തദ്ദേശസ്ഥാപനങ്ങളിൽ 3 ഇടത്ത് യു.ഡി.എഫ് ഭൂരിപക്ഷം നേടിയെങ്കിലും അതിൽ രണ്ട് പഞ്ചായത്തുകളിൽ എൽ.ഡി.എഫും കഴിഞ്ഞ തവണത്തേതിലും നില മെച്ചപ്പെടുത്തി. മുത്തോലി, മീനച്ചിൽ, കൊഴുവനാൽ പഞ്ചായത്തുകളാണ് യു.ഡി.എഫിനെ സഹായിച്ചത്. എന്നാൽ 2016 ലേതിനെ അപേക്ഷിച്ച് മുത്തോലിയിൽ 458 ഉം, കൊഴുവനാലിൽ 44 വോട്ടും യു.ഡി.എഫിന് കുറവുണ്ടായി. മീനച്ചിലിൽ കെ.എം. മാണിക്ക് കിട്ടിയതിനേക്കാൾ 528 വോട്ട് കൂടുതൽ ജോസ് ടോമിന് ലഭിച്ചു.

 മൂന്നിലവ്, തലനാട്, മേലുകാവ് പഞ്ചായത്തുകളിൽ മാണി സി. കാപ്പന്റെ ഭൂരിപക്ഷം 531

മൂന്നിലവിൽ ഇടതുമുന്നണിക്ക് 2016 ലും 2019ലും 2239 വോട്ട്

യു.ഡി.എഫ്ന് വോട്ട് വർദ്ധിച്ച ഏക പഞ്ചായത്ത് മീനച്ചിൽ 4300 (2016), 4828 (2019)

13 തദ്ദേശസ്ഥാപനങ്ങളിലും എൻ.ഡി.എയ്ക്ക് വൻവോട്ട് ചോർച്ച

 ഇടതുമുന്നണിക്ക് 2016 ലേതിനേക്കാൾ വോട്ട് കുറഞ്ഞത് രാമപുരത്തും (191), എലിക്കുളത്തും (248)