പാലാ: 'നൂറു കണക്കിന് എണ്ണം വാങ്ങി വീടുകളിൽ സൂക്ഷിച്ച ലഡു എന്തു ചെയ്യും....? വാങ്ങിക്കൂട്ടിയ മാലപ്പടക്കങ്ങൾ ക്രിസ്തുമസ് വരെ പൊട്ടിച്ചാലും തീരില്ലല്ലോ.'' '? ഇന്നലെ ചേർന്ന പാലാ നഗരസഭാ യോഗത്തിൽ ഭരണപക്ഷത്തെ കേരളാ കോൺഗ്രസ്സ് മാണി ഗ്രൂപ്പ് കൗൺസിലർമാരെ സഹകൗൺസിലർമാർ കളിയാക്കിപ്പൊരിച്ചു. ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി ജോസ് ടോം ജയിക്കുമെന്ന അമിത പ്രതീക്ഷയിൽ നഗരസഭാ മുൻ ചെയർപേഴ്‌സൺമാർ ഉൾപ്പെടെയുള്ള ചില മാണി ഗ്രൂപ്പ് കൗൺസിലർമാർ ലഡുവും ജിലേബിയും , മാലപ്പടക്കങ്ങളും ഏറെ വാങ്ങിക്കൂട്ടിയത് 'തെളിവ് ' സഹിതമാണ് ചില സഹകൗൺസിലർമാർ ഇന്നലെ ചേർന്ന നഗരസഭാ യോഗത്തിൽ പൊട്ടിച്ചത്.
എല്ലാം സമ്മതിക്കും വിധം ഇളഭ്യച്ചിരി വിടർന്നതല്ലാതെ കളിയാക്കിനു വിധേയരായവർക്ക് മറുപടി ഉണ്ടായിരുന്നില്ല. അടുത്തിടെ പി.ജെ. ജോസഫ് ഗ്രൂപ്പിലേക്ക് ചേക്കേറിയ വൈസ് ചെയർമാൻ കുര്യാക്കോസ് പടവനോടൊപ്പമുള്ളവരും, മാണി ഗ്രൂപ്പ് കൗൺസിലർമാരെ കണക്കിനു കളിയാക്കി.
പുതിയ എം.എൽ.എ. മാണി. സി. കാപ്പന് എത്രയും വേഗം നഗരസഭാ കൗൺസിലിൽ ഉജ്വല സ്വീകരണം നൽകണമെന്ന് ഇപ്പോൾ ജോസഫ് ഗ്രൂപ്പംഗമായ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ ആവശ്യപ്പെട്ടു. അങ്ങിനെയെങ്കിൽ തോമസ് ചാഴികാടൻ എം.പി.യ്ക്കും ഉടൻ സ്വീകരണം നൽകണമെന്നായി മാണി ഗ്രൂപ്പിലെ ബിജു പാലൂപ്പടവൻ. മേലിൽ നഗരസഭ നടത്തുന്ന എല്ലാ പരിപാടികളിലും തോമസ് ചാഴികാടൻ എം.പി.യെ പങ്കെടുപ്പിക്കണമെന്ന് കൂടി ബിജു പാലൂപ്പടവൻ ആവശ്യപ്പെട്ടപ്പോൾ എന്നും എം.പി.യ്ക്ക് താഴെയാണല്ലോ എം.എൽ.എ. എന്നായിരുന്നൂ മാണി ഗ്രൂപ്പിലെ മറ്റൊരു കൗൺസിലറുടെ ആശ്വാസ വാക്കുകൾ. ഏറെ ചർച്ച നടത്തിയ ശേഷം പുതിയ എം.എൽ.എ.യ്ക്കും, എം.പിയ്ക്കും സ്വീകരണം നൽകാനും, നഗരസഭയുടെ എല്ലാ പരിപാടികൾക്കും തോമസ് ചാഴികാടൻ എം.പിയെ ക്ഷണിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു.ചെയർപേഴ്‌സൺ ബിജി ജോജോ അദ്ധ്യക്ഷത വഹിച്ചു.
ഇന്നലെ രാവിലെ മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കവേ പാലാ നഗരസഭയുടെ കടിഞ്ഞാൺ വിട്ട കുതിപ്പ് അനുവദിക്കില്ലെന്ന് മാണി. സി. കാപ്പൻ എം.എൽ.എ. മുന്നറിയിപ്പു നൽകിയിരുന്നു. അഞ്ചു പതിറ്റാണ്ടായുണ്ടായിരുന്ന 'സ്വന്തം എം.എൽ.എ.യ്ക്ക് ' പകരം ഇടതു മുന്നണിയിലെ എം.എൽ. എ. വന്നതോടെ നഗരസഭയിലും ഭരണപക്ഷത്തും ഇനി അടികളികൾ പലതു നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.