കോട്ടയം : പാലായിൽ മാണി സി കാപ്പന്റെ അട്ടിമറി ജയം കൃത്യമായ പ്ലാനിംഗോടെ പഴുതുകൾ അടച്ചു ഇടതുമുന്നണി നേതാക്കൾ നടത്തിയ തന്ത്രങ്ങളുടെ വിജയമായി. ലോക്‌സഭാ സ്ഥാനാർത്ഥിയായിരുന്ന ബന്ധം പ്രയോജനപ്പെടുത്തി സി. പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ പാലായിൽ തങ്ങി കളം നയിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം ലാലിച്ചൻ ജോർജ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എൻ.സി.പി ദേശീയ സെക്രട്ടറി ജോസ് മോൻ തന്ത്രങ്ങളൊരുക്കി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ തോമസ് മേൽനോട്ടം വഹിച്ചു.
കാപ്പനെ സ്ഥാനാർത്ഥിയാക്കാൻ ശരത് പവാറുമായുള്ള അടുപ്പവും പവാറും പിണറായി വിജയനും തമ്മിലുള്ള സൗഹൃദവും ജോസ് മോൻ ഉപയോഗപ്പെടുത്തി. പാലായിലും കോട്ടയത്തും കാപ്പനെതിരെ എൻ.സി.പിയിലെ പടയൊരുക്കം തടയാൻ ജില്ലാ പ്രസിഡന്റ് ടി.വി.ബേബിയെ ആദ്യം തെറിപ്പിച്ചു. പാലായിൽ ഇടഞ്ഞു നിന്നവരെയും പുറത്താക്കി. എതിർപ്പുകളെല്ലാം ഇല്ലാതാക്കിയതോടെയാണ് കാപ്പൻ പ്രചരണം തുടങ്ങിയത്. ആദ്യം പാലായിലെ പൊതുപ്രവർത്തകരുടെ ലിസ്റ്റ് തയാറാക്കി പിന്തുണ ഉറപ്പിച്ചു. ഇടതുപക്ഷ വോട്ടുകൾ കഴിഞ്ഞു ബാക്കി വിജയിക്കാനാവശ്യമായ വോട്ടുകളുടെ ലിസ്റ്റ് തയാറാക്കി കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും അസംതൃപ്തരെ കണ്ടു. സമുദായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കി. കെ.എം.മാണി വോട്ടുമറിച്ചിരുന്ന പ്രദേശങ്ങൾ കണ്ടെത്തി, കോളനികൾ ഉൾപ്പെടെ നിരീക്ഷണമേർപ്പെടുത്തി.
സ്ഥാനാർത്ഥി ചെന്നാൽ മറിയുന്ന മറിയുന്ന കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കി. മന്ത്രിമാരും നേതാക്കളും ചെന്നാൽ കിട്ടാവുന്ന വോട്ടുകളുടെ ലിസ്റ്റ് നൽകാൻ കീഴ്ഘടകങ്ങളോട് ആവശ്യപ്പെട്ടു. ആശുപത്രിയിൽ ആരോഗ്യമന്ത്രി, കമ്പനിയിൽ വ്യവസായ മന്ത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ഈ നിലയിൽ സന്ദർശനം നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചൽ വോട്ട് മറിയുന്ന കേന്ദ്രങ്ങൾ വരെ കണ്ടെത്തി അവിടെ മുഖ്യമന്ത്രിയെ എത്തിച്ചു. എസ്.എൻ.ഡി.പി നേതാക്കളുടെ വീടുകളിലും, പാലാ അരമനയിലും വരെ മന്ത്രിമാരെത്തി. മന്ത്രി കെ.കെ ശൈലജ ചേർപ്പുങ്കലെ പുതിയ ആശുപത്രി സന്ദർശിച്ചു. തുടർനടപടികൾക്ക് എം.എൽ.എയാകുമ്പോൾ കാപ്പനെ ചുമതലപ്പെടുത്താനും നിർദ്ദേശം നൽകിയതോടെ കാപ്പനെ വിജയിപ്പിക്കാൻ പാലാ രൂപതയുടെ സഹായവും ലഭിച്ചു. പാലായിലെ അറിയപ്പെടുന്ന മാണി വിരുദ്ധരുടെ ലിസ്റ്റ് ഒരുക്കി അവർക്കായി വോട്ടുമറിക്കൽ പാക്കേജ് ഉണ്ടാക്കി. പി.സി ജോർജിനെ വരെ ഉപയോഗിച്ചു. കാപ്പന് എത്താൻ പറ്റാത്ത സ്ഥലങ്ങളിൽ മന്ത്രിമാർ നേരിട്ടെത്തി. കൃത്യതയോടെ ഇടതു നേതാക്കൾ ആലോചിച്ചുറപ്പിച്ചു നടത്തിയ 'പാലാ ഓപ്പറേഷനാണ്' യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ പാലാ പിടിച്ചെടുക്കാൻ ഇടതുപക്ഷത്തിന് തുണയായത്.