കോട്ടയം: ഇടുക്കി ജില്ലയിൽ വൻകിട കെട്ടിട നിർമ്മാണത്തിന് കർശന നിയന്ത്രണം വരുന്നു. ബന്ധപ്പെട്ട ഭൂമിയിൽ കൈവശക്കാരന് അനുവദിച്ചിട്ടുള്ള പട്ടയത്തിന്റെ സ്വഭാവം കൂടി പരിഗണിച്ച് മാത്രമേ വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് അനുമതി നൽകാവൂ എന്നാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരം പട്ടയം അനുവദിച്ച ഭൂമയിൽ വ്യവസ്ഥ ലംഘിച്ച് കെട്ടിടം നിർമ്മിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണിത്. പട്ടയം ഏത് ആവശ്യത്തിനാണ് അനുവദിച്ചിരിക്കുന്നതെന്ന ബന്ധപ്പെട്ട വില്ലേജ് ആഫീസറിൽ നിന്നുള്ള സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനി നിർമ്മാണത്തിന് അനുമതി ലഭിക്കൂ. ജില്ലയിലെ വിനോദസഞ്ചാരമേഖലയിൽ ഉൾപ്പെടെ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ഈ തീരുമാനം. ഭൂമിപതിവ് ചട്ടപ്രകാരം അനുവദിച്ചിട്ടുള്ള പട്ടയം കാർഷിക/ ഗാർഹീക ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അത്തരം ഭൂമിയിൽ ഹോട്ടൽ, റിസോർട്ട്, ആശുപത്രി, വിദ്യാലയങ്ങൾ, ഫാക്ടറി തുടങ്ങി വാണിജ്യാടിസ്ഥാനത്തിലുള്ള വലിയകെട്ടിടങ്ങൾ നിർമിക്കാൻ അനുമതി ലഭിക്കില്ല. സമീപകാലത്തെ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരമൊരു തീരുമാനം.