രാജകുമാരി: ആനയിറങ്കലിലും പരിസരപ്രദേശത്തും വീടുകൾക്കും കടകൾക്കും സമീപം ചുറ്റിത്തിരിയുന്ന കാട്ടാനക്കൂട്ടങ്ങളെക്കൊണ്ട് നാട്ടുകാർ പൊറുതിമുട്ടി. ഇന്നലെ രാവിലെ വിവിധ സംഘങ്ങളായി 11 കാട്ടാനകളാണ് ആനയിറങ്കൽ ടൗണിൽ എത്തിയത്. കടകൾക്ക് സമീപം വരെ എത്തിയ ഇവയെ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമാണ് നാട്ടുകാർ ഓടിച്ചു വിട്ടത്. നാല് പിടിയാനകളും രണ്ട് കുട്ടിയാനകളും അടങ്ങുന്ന സംഘം തേയില തോട്ടത്തിലൂടെയാണ് കടകൾക്ക് സമീപം എത്തിയത്. ആക്രമണകാരികളായ ഒറ്റയാന്മാർ ഉൾപ്പെടെയുള്ളവ എസ്റ്റേറ്റുകളുടെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചിരിക്കുകയാണ്. ഭയപ്പാടോടെയാണ് തേയിലത്തോട്ടങ്ങളിലും ഏലത്തോട്ടങ്ങളിലും തൊഴിലാളികൾ ജോലിചെയ്യുന്നത്. രാത്രിയാകുന്നതോടെ ഇവ വീടുകൾക്ക് സമീപം എത്തുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. ജനങ്ങൾ ഓടിക്കുമ്പോൾ ഏതെങ്കിലും സ്ഥലത്ത് ഒത്തുകൂടുന്ന ഇവ ഒരുമിച്ച് അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങുകയാണ് പതിവ്. ഇന്നലെ രാവിലെ പലയിടങ്ങളിൽ നിന്നും നാട്ടുകാർ ഓടിച്ച 16 ആനകൾ ഉച്ചകഴിഞ്ഞതോടെ ആനയിറങ്കൽ ബോട്ട് ലാൻഡിംഗിന് സമീപത്തേക്ക് മാറി നിലയുറപ്പിക്കുകയാണ് ചെയ്തത്. രാത്രികാലങ്ങളിൽ കാർഷിക മേഖലയിലേക്ക് ഇറങ്ങുന്ന ഇവ വാഴ, കുരുമുളക്, ഏലം തുടങ്ങിയ വിളകൾ നശിപ്പിക്കും. വനംവകുപ്പ് വാച്ചർമാർ സംഘങ്ങളെ പിന്തുടരുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ഇവിടങ്ങളിൽ കാട്ടാനയുണ്ട്
പൂപ്പാറയ്ക്ക് സമീപം പുലിക്കാട്, 301 കോളനി, ചെമ്പകത്തൊഴുക്കുടി, അരമനപ്പാറ, സിമന്റ് പാലം, കോഴിപ്പന്നക്കുടി, പുതുപ്പാറ, ബി.എൽ റാവ്, ശങ്കരപാണ്ടിമെട്ട്, ഹല്ലേലൂയാ എസ്റ്റേറ്റ് തുടങ്ങിയ സമീപ പ്രദേശങ്ങളിലെല്ലാം ആഴ്ചകളായി കാട്ടാനകൾ കറങ്ങിനടക്കുകയാണ്.